"നഗരവനം’ ഉദ്‌ഘാടനം നാളെ
ഇരിട്ടി സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ വള്ള്യാട് സഞ്ജീവനി ഔഷധ ഉദ്യാനത്തിൽ സജ്ജമാക്കിയ ജില്ലയിലാദ്യത്തെ നഗരവനം ഞായർ രാവിലെ പത്തിന് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. കേന്ദ്രസർക്കാറിന്റെ ‘നഗർ വനം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് ഹെക്ടറിൽ നഗരവനം ഒരുക്കിയത്. പത്ത് ഹെക്ടറിലാണിവിടെ സഞ്ജീവനി ഉദ്യാനം പ്രവർത്തിക്കുന്നത്. 40 ലക്ഷം രൂപ മുടക്കി നടപ്പാത, ചുറ്റുമതിൽ, ഇരിപ്പിടം, ശുചിമുറി, ഇൻഫർമേഷൻ സെന്റർ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. സഞ്ജീവനി ഉദ്യാനത്തിൽ നഗരവനം പദ്ധതിയിൽ പുതിയ ആറായിരം സസ്യങ്ങൾ നട്ടു. പി പി അശോകൻ പ്രസിഡന്റായ ഗ്രാമ ഹരിത സമിതിക്കാണ് മേൽനോട്ട ചുമതല. പ്രവേശന പാസിലൂടെ കിട്ടുന്ന തുകയുടെ 45 ശതമാനം വനം വികസനത്തിനും ചെലവുകൾക്കും വിനിയോഗിക്കും. രണ്ടാം ഘട്ടത്തിൽ 30 ലക്ഷം രൂപയുടെ പദ്ധതിക്കും രൂപരേഖയായെന്ന് വനം അസി. കൺസർവേറ്റർ ജോസ് മാത്യു പറഞ്ഞു. നടപ്പാത കല്ലുപാകൽ, ഊഞ്ഞാൽ, ഏറുമാടം, കുളം നിർമാണം എന്നീ പദ്ധതികളാണ് രണ്ടാം ഘട്ട വികസനത്തിൽ. വനം റെയിഞ്ചർ പി സുരേഷ്, ഫോറസ്റ്റർമാരായ എം ഡി സുമതി, പി പ്രസന്ന, പി കെ സുധീഷ്, ബീറ്റ് ഫോറസ്റ്റർ ടിന്റു, അജയൻ പായം എന്നിവർ നഗരവന ഉദ്‌ഘാടന ഒരുക്കങ്ങൾ വിലയിരുത്തി. Read on deshabhimani.com