സ്‌പോർട്‌സ്‌ ഹോസ്‌റ്റലിൽ ഭക്ഷ്യവിഷബാധ 
40 കുട്ടികൾ ചികിത്സതേടി

ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കണ്ണൂർ സ്പോർട്‍സ് ഡിവിഷൻ 
ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സ നൽകുന്നു


കണ്ണൂർ  കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷൻ ഹോസ്‌റ്റലിൽനിന്ന്‌ ഭക്ഷ്യവിഷബാധയേറ്റ്‌ നാൽപതിലേറെ കുട്ടികൾ ചികിത്സ തേടി. വെള്ളിയാഴ്‌ച ഉച്ചഭക്ഷണം കഴിച്ചശേഷമാണ്‌ മുൻസിപ്പൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക്‌  അസ്വസ്ഥതതോന്നി ചികിത്സതേടിയത്‌. 12.45ഓടെ ക്ലാസ്‌ കഴിഞ്ഞെത്തിയ കുട്ടികൾ ഭക്ഷണം കഴിച്ച്‌ സ്‌കൂളിലേക്ക്‌ മടങ്ങിയിരുന്നു. അതിനിടെ ഹോസ്‌റ്റലിൽ തന്നെയുണ്ടായിരുന്നു ഒരുകുട്ടിക്കാണ്‌ ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്‌. തലവേദനയും ശരീരമാകെ ചുവന്ന് ചൊറിയുകയുമായിരുന്നു. ഇതോടെ കെയർടേക്കർ രമ്യ രാജീവൻ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു.  തൊട്ടുപിന്നാലെ സ്‌കൂളിൽനിന്നും കൂടുതൽ കുട്ടികൾ തലവേദനയും ക്ഷീണവും അനുഭവപ്പെട്ട്‌  ചികിത്സതേടി.  ഇവർക്ക് അലർജിക്കുള്ള കുത്തിവയ്പടക്കമുള്ള പ്രാഥമിക ചികിത്സ നൽകി. കുറച്ചു കുട്ടികളെ നിരീക്ഷണത്തിലാക്കി. തലവേദന, ചർദി, ദേഹത്ത്‌ ചൂട്‌, വയറുവേദന, മറ്റ്‌ ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ കുട്ടികൾ എത്തിയത്‌. ഊണിനൊപ്പം കഴിച്ച  മീനിൽനിന്നാവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ചോറിനും  ചപ്പാത്തിക്കുമൊപ്പം വെണ്ടക്ക തോരൻ, മീൻകറി, തൈര്‌ എന്നിവയാണ്‌ കുട്ടികൾ കഴിച്ചത്‌. പേരക്കയും കഴിച്ചിരുന്നു. രാവിലെ പൂരിയും ഗ്രീൻപീസ്‌ കറിയുമായിരുന്നു മെനു. ആയിക്കര മാർക്കറ്റിൽ  നിന്ന് രാവിലെയാണ് കുട്ടിക്കൊമ്പൻ എന്നറിയപ്പെടുന്ന ഓല മീൻ വാങ്ങിയതെന്ന്‌ കെയർടേക്കർ  പറഞ്ഞു. സ്ഥിരമായി ഇവിടെനിന്നാണ്‌ മീൻ വാങ്ങാറുള്ളതെന്നും ഈ മീൻ ആദ്യമായാണ്‌ വാങ്ങിയതെന്നും ഇവർ പറഞ്ഞു.  ഭക്ഷ്യസുരക്ഷാ വിഭാഗം,  കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹോസ്റ്റലിലെത്തി പരിശോധനയ്ക്കായി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ചു. ഇവർ കുട്ടികളിൽനിന്നും വിവരം ശേഖരിച്ചു.  ചിലരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചിട്ടുണ്ട്‌. അവശേഷിക്കുന്ന കുട്ടികളെ നിരീക്ഷണത്തിലാക്കിയതായും  ഡ്യൂട്ടിഡോക്ടർ പറഞ്ഞു. സ്‌പീക്കർ എ എൻ ഷംസീർ, കെ വി സുമേഷ്‌ എംഎൽഎ, മേയർ മുസ്ലീഹ്‌ മഠത്തിൽ എന്നിവർ സന്ദർശിച്ചു. ഭക്ഷ്യ വിഷബാധയേറ്റ 16 പേരെ എ കെ ജി, കൊയിലി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News