മലയോരത്തിന്റെ ചെന്താരകം
കമ്യൂണിസ്റ്റ് പാർടിക്ക് ബാലികേറാമലയായിരുന്ന ജില്ലയുടെ കിഴക്കൻ മലയോരത്ത് ഇന്ന് സിപിഐ എമ്മിന്റെ ജനകീയ അടിത്തറ വിപുലമാണ്. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ആലക്കോട് ഏരിയാ പ്രദേശത്തെ മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിലും ഇടപെടാനും മലയോരത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വളരാനും പാർടിക്ക് സാധിച്ചു. ഉദയഗിരി പഞ്ചായത്ത് ഭരണം, 10 സീറ്റുനേടി ആലക്കോട് പഞ്ചായത്തിലെ മുന്നേറ്റം, ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തുകളിലെ ശക്തമായ പ്രതിപക്ഷം ഇവയൊക്കെ പാർടി കരുത്തിന്റെ വിളംബരമാണ്. വർഷങ്ങളായി ഭരണംതുടരുന്ന ആലക്കോട്, തടിക്കടവ് സഹകരണ ബാങ്കുകൾ, ആലക്കോട് പി ആർ രാമവർമരാജ സഹകരണ ആശുപത്രി, ചെറുതും വലുതുമായ സഹകരണ സംഘങ്ങൾ, കാർഷിക ഉന്നമനത്തിനായുള്ള കൂട്ടായ്മകൾ എന്നിവയും മുന്നേറ്റത്തിന്റെ നാഴിക്കല്ലുകളാണ്. 2001 ലാണ് ആലക്കോട് ഏരിയ രൂപീകരിച്ചത്. നിലവിൽ 12 ലോക്കലുകളും 168 ബ്രാഞ്ചുകളുമുണ്ട്. 2076 പാർടി അംഗങ്ങളിൽ 548 പേർ സ്ത്രീകളാണ്. 23 വർഷത്തെ പ്രവർത്തന കാലയളവിൽ കുടിയേറ്റ മലയോര മണ്ണിൽ പുരോഗമന പ്രസ്ഥാനത്തെ വേരുറപ്പിച്ച് നിർത്തുന്നതിലും നീണ്ട കാലങ്ങളായി മുരടിപ്പിൽ കഴിഞ്ഞിരുന്ന പ്രദേശത്ത് വികസനമെത്തിക്കുന്നതിലും പാർടി വലിയ പങ്കാണ് വഹിച്ചത്. Read on deshabhimani.com