നടുവില്‍ സഹ. ബാങ്ക് 
ജനറല്‍ബോഡിയിൽ ലീഗും കോൺഗ്രസും ഏറ്റുമുട്ടി



  ആലക്കോട് നടുവിൽ സർവീസ് സഹകരണ ബാങ്ക്  ജനറൽബോഡിയിൽ വാക്കേറ്റവും കൈയാങ്കളിയും. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളെ  മുസ്ലിംലീഗുകാർ കൈയേറ്റം ചെയ്തു. തുടർന്ന്‌ യോഗനടപടി പൂർത്തിയാക്കാതെ  ബാങ്ക് പ്രസിഡന്റ് സ്ഥലംവിട്ടു. ഞായറാഴ്ച നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന ജനറൽബോഡിയിലാണ്‌ സംഭവം. കോൺഗ്രസ് എ ഗ്രൂപ്പിന്റെയും ലീഗിന്റെയും നേതൃത്വത്തിലാണ്‌ ബാങ്ക്‌ ഭരണസമിതി. ജനറൽബോഡി   തുടങ്ങിയതുമുതൽ നടുവിൽ പഞ്ചായത്ത് പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ ബേബി ഓടമ്പള്ളിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ബഹളം തുടങ്ങി.      വിളക്കണ്ണൂർ ലാറ്റെക്സിന്റെ  ഭൂമി വിലയ്‌ക്ക് വാങ്ങാൻ ബാങ്കിന്റെ ബൈലോ ഭേദഗതി വരുത്താനുള്ള നിർദേശം ബാങ്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറം അവതരിപ്പിച്ചപ്പോൾ ബേബി ഓടമ്പള്ളിയുടെ നേതൃത്വത്തിൽ തടഞ്ഞു. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യംവച്ചുള്ള ഭേദഗതി അനുവദിക്കില്ല എന്നാണ് ബേബിയുടെയും സംഘത്തിന്റെയും നിലപാട്.   ബഹളത്തിനിടെ കോൺഗ്രസ് നടുവിൽ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അലക്സ് ചുനയംമാക്കൽ ബാങ്ക് വൈസ് പ്രസിഡന്റും  ലീഗ് നേതാവുമായ സി പി അബൂബക്കറിനെ പിടിച്ചുതള്ളി. പ്രകോപിതരായ ലീഗുകാർ അലക്സിനെ വളഞ്ഞിട്ട് ആക്രമിച്ചു. തടയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിയെയും ലീഗുകാർ കൈകാര്യം ചെയ്തു. കൂട്ടത്തല്ലിനിടെ യോഗം അവസാനിപ്പിച്ച് പുറത്തുപോകാൻ തുനിഞ്ഞ ബാങ്ക് പ്രസിഡന്റിനെ നടപടി  പൂർത്തീകരിക്കാതെ  വിടില്ലെന്നു പറഞ്ഞ് ബേബി ഓടമ്പള്ളിയുടെ നേതൃത്വത്തിൽ  തടഞ്ഞുവച്ചു. തുടർന്ന്‌  എ ഗ്രൂപ്പുകാരുടെ സുരക്ഷാ വലയത്തിൽ  പ്രസിഡന്റ് സ്ഥലം വിടുകയായിരുന്നു.   Read on deshabhimani.com

Related News