മീൻവണ്ടിയിലെത്തി കവർച്ച: 
കർണാടക സ്വദേശികൾ പിടിയിൽ

മുഹമ്മദ് ജാക്കിറിനെയും നൗഫലിനെയും ഇരിക്കൂർ പൊലീസ്‌ തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോൾ


ഇരിക്കൂര്‍ മീൻവണ്ടിയിലെത്തി കടകളിലും വീടുകളിലും കവര്‍ച്ച നടത്തുന്ന രണ്ടംഗസംഘത്തെ  കർണാടകത്തിലെ ശിവമോഗ സാഗറിൽനിന്ന്‌  ഇരിക്കൂര്‍ പൊലീസ്‌ പിടികൂടി. ശിവമോഗ സാഗര്‍ ഫസ്റ്റ് ക്രോസ് എസ് എന്‍ നഗറിലെ മുഹമ്മദ് ജാക്കിര്‍(32), സാഗര്‍ ഫിഫ്ത്ത് ക്രോസ് ജന്നത്ത് നഗറിലെ നൗഫല്‍(32) എന്നിവരെയാണ്‌ എസ്‌ഐ പി ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്‌തത്‌.  ഇരിക്കൂർ സിഐ രാജേഷ് ആയോടന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.    കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ പടിയൂര്‍ പൂവം റോഡിലെ അധ്യാപകന്‍ അബ്ദുള്‍ ഷബാഹിന്റെ  ‘ഷബാബ് മന്‍സിലി’ല്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്. ഈ വീടിന്റെ വശങ്ങളിലെ മൂന്ന് സിസിടിവി ക്യാമറകൾ  തോര്‍ത്ത് മുണ്ടുകൊണ്ടും തുണികൊണ്ടും മറച്ചശേഷം അടുക്കള വാതിലിന്റെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാര  കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. തൊട്ടപ്പുറത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന  അധ്യാപകനും കുടുംബവും ശബ്ദംകേട്ട്  ഉണര്‍ന്നുവെന്ന ധാരണയില്‍ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. വീട്ടുകാര്‍ പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരാതി നല്‍കി. പൊലീസ്  ഇരുന്നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശിവമോഗ സാഗറിലെത്തി  പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരിക്കൂറിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മീൻ കയറ്റിയ വണ്ടിയില്‍ കണ്ണൂര്‍,- കാസര്‍കോട് ജില്ലകളിലേക്ക് പതിവായി വരുന്നവരാണിവര്‍. രാത്രിയില്‍ മീനുമായി വരുന്നതിനിടെ വീടുകളും കടകളും കണ്ടുവയ്‌ക്കും. പുലര്‍ച്ചെ കവര്‍ച്ച നടത്തി  നാട്ടിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. കുമ്പളയിലും കര്‍ണാടകത്തിലെ പല സ്ഥലത്തും കണ്ണൂര്‍ ജില്ലയിലും  ഇവർ കവര്‍ച്ച നടത്തിയതായി സൂചനയുണ്ട്.  ഇരിക്കൂറില്‍ കവര്‍ച്ചാശ്രമം നടത്തിയദിവസം ഇവരുടെ വണ്ടിയില്‍ മീനുണ്ടായില്ല. എന്നാല്‍, മീൻ  വണ്ടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നാടുകാണിയില്‍നിന്ന് മീൻ പെട്ടികള്‍ കൈക്കലാക്കി അതുമായാണ് ഇരിക്കൂര്‍ ഭാഗത്തേക്ക് വന്നത്.    എഎസ്ഐ ലക്ഷ്മണന്‍, സീനിയര്‍ സിപിഒമാരായ കെ വി പ്രഭാകരന്‍, കെ ജെ ജയദേവന്‍, ഷംസാദ് എന്നിവരും   പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News