കണ്ണൂരിലെ റെയിൽവേ മേൽപ്പാലം പൊളിച്ചുതുടങ്ങി



കണ്ണൂർ പുതുക്കിപ്പണിയുന്നതിന്‌ മുനീശ്വരൻകോവിലിന്‌ എതിർവശത്തെ റെയിൽവേ മേൽപ്പാലം പൊളിച്ചുതുടങ്ങി. പഴയ ബസ്‌സ്റ്റാൻഡിലേക്ക് എളുപ്പം നടന്നെത്താവുന്ന വഴിയടഞ്ഞത്‌ യാത്രക്കാർക്കും പഴയ ബസ്‌സ്‌റ്റാൻഡ് ഭാഗത്തെ തെരുവോര കച്ചവടക്കാർക്കും ദുരിതമായി.    റെയിൽവേ സ്റ്റേഷൻ റോഡിലെ തിരക്കിൽനിന്നൊഴിവാകാൻ കാൽനടയാത്രക്കാർ  മേൽപ്പാലമാണ് ആശ്രയിച്ചിരുന്നത്. വർഷങ്ങളായി ഉപയോഗിക്കുന്ന മേൽപ്പാലം ബലപ്പെടുത്താനാണ് റെയിൽവേ ആദ്യം തീരുമാനിച്ചത്. സ്ലാബുകൾ മാറ്റിത്തുടങ്ങിയതോടെയാണ്‌ പലയിടത്തും ദ്രവിച്ചതായി മനസ്സിലായത്. ഇതോടെയാണ്‌ പൊളിച്ച് പുതുക്കിനിർമിക്കാൻ തീരുമാനിച്ചത്‌. പാലക്കാട് റെയിൽവേ ഡിവിഷനുകീഴിലെ എൻജിനിയറിങ് വിഭാഗമാണ് നിർമാണം നടത്തുന്നത്.  നാല് കോടി രൂപ ചെലവഴിച്ച്‌ മൂന്ന് മാസത്തിനുള്ളിൽ മേൽപ്പാലം നിർമിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.  ട്രെയിൻ കടന്നുപോകുന്ന പാതയായതിനാൽ ലൈനുകളിലെ വൈദ്യുതി വിച്ഛേദിച്ചശേഷമേ പൊളിച്ചുമാറ്റൽ പൂർത്തിയാകൂ. Read on deshabhimani.com

Related News