‘ജലദുർഗ’ പിടിയിൽ

ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത ജലദുർഗ ബോട്ട്


ന്യൂമാഹി അഴീക്കൽ മീൻകുന്ന്‌ ഭാഗത്ത്‌ കേരളത്തിന്റെ തീരപരിധിയിൽ അനധികൃത മീൻപിടിത്തം നടത്തിയ കർണാടക സ്വദേശിയുടെ ‘ജലദുർഗ’ ബോട്ട് കണ്ണൂർ ഫിഷറീസ് സ്റ്റേഷൻ അധികൃതർ പിടികൂടി. ഇവരിൽനിന്ന്‌ കേരള മറൈൻ ഫിഷറീസ് റെഗുലേറ്ററി നിയമപ്രകാരമുള്ള പിഴ ഈടാക്കും. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കൽ ഹാർബറിൽ ലേലംചെയ്ത്‌ തുക സർക്കാരിലേക്ക് കണ്ടുകെട്ടി. ഇതരസംസ്ഥാനങ്ങളിലെ ബോട്ടുകളും വള്ളങ്ങളും കേരള തീരത്ത് പ്രവേശിക്കുന്നതിനായി നിർബന്ധമായും  പ്രത്യേക പെർമിറ്റ് എടുക്കണമെന്ന്‌ അധികൃതർ അറിയിച്ചു.   കണ്ണൂർ ഫിഷറീസ് അസി. ഡയറക്ടർ ആർ ജുഗുനു, എസ്‌ഐ  ഓഫ്‌  ഗാർഡ്‌ എം സെൽവൻ, സിവിൽ പൊലീസ് ഓഫീസർ കെ ജ്യോതിഷ്,  റെസ്ക്യൂ ഗാർഡുമാരായ കെ പ്രസൂൺ, സെൽവമണി, ബോട്ട് ജീവനക്കാരായ ഭരതൻ എന്നിവരടങ്ങുന്ന സംഘമാണ് ബോട്ട് പിടികൂടിയത്. വരും ദിവസങ്ങളിൽ പട്രോളിങ്‌ ശക്തമാക്കുമെന്നും  രാത്രികാലങ്ങളിൽ നിയമ ലംഘനങ്ങൾ നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു. Read on deshabhimani.com

Related News