മൃഗചികിത്സയ്‌ക്ക് ആധുനിക ലാബ്
കണ്ണൂർ മൃഗസംരക്ഷണവകുപ്പിന്റെ മലബാർ മേഖലയിലെ റഫറൽ ലബോറട്ടറിയായ കണ്ണൂർ മേഖലാ ലബോറട്ടറിയിൽ ആധുനികരീതിയിലുള്ള മൈക്രോബയോളജി, ബയോടെക്‌നോളജി വിഭാഗം സജ്ജം. 24ന് ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ രാവിലെ 9.30-ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. ലബോറട്ടറിയുടെ താഴത്തെനിലയിൽ മൈക്രോബയോളജി, ബയോ ടെക്‌നോളജി, പാത്തോളജി, ടെലിപത്തോളജി, മോളികുലാർ ബയോളജി ഡിവിഷനുകൾ. ഇവയിൽ മൈക്രോബയോളജി, ബയോ ടെക്‌നോളജി വിഭാഗമാണ് ആധുനികവൽക്കരിച്ചത്. പേവിഷബാധ രോഗനിർണത്തിന് മാത്രമായി നിലവിൽ മോളികുലാർ ബയോളജി ലാബ് പ്രവർത്തിക്കുന്നുണ്ട്. മൃഗങ്ങളിലെ ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ എന്നിവയാൽ ഉണ്ടാകുന്ന രോഗങ്ങളുടെ നിർണയ സൗകര്യം പുതിയ ലാബിൽ റിയൽ ടെെം പിസിആർ ഉപയോഗിച്ചറിയാം. കൂടാതെ മൈക്രോബയോളജി ഡിവിഷനും സജ്ജമാക്കി. മലബാർ മേഖലയിലെ കന്നുകാലികളിലെ രോഗനിർണയം, രോഗസാധ്യതാപഠനം. കന്നുകാലികളിൽ കാണുന്ന ബ്രൂസലോസിസ്, ജോണിസ് തുടങ്ങിയ ജന്തുജന്യരോഗങ്ങളുടെ സ്‌ക്രീനിങ്, പക്ഷികളിൽ കാണുന്ന സാൽമണൊല്ലോസിസ് രോഗത്തിനുമുള്ള സ്‌ക്രീനിങ്, ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവൻസ് തുടങ്ങിയ രോഗാണുക്കൾ വഴി പകരുന്ന ജന്തുജന്യരോഗനിർണയം എന്നിവ ലബോറട്ടറിയിൽ ചെയ്യാം. ആന്റിജൻ, ആന്റിബോഡി എലൈസ ടെക്നിക്ക് ഉപയോഗിച്ച് രോഗനിർണയം, ഇമ്യൂണോ ക്രൊമോറ്റോഗ്രഫി ടെക്‌നിക്ക് ഉപയോഗിച്ചുള്ള പ്രത്യേക കിറ്റുകൾ മുഖേന കോഴിവസന്ത, പക്ഷിപ്പനി, റാബീസ്, കനൈൻ പാർവോ വൈറൽ ഡിസീസ്, കനൈൻ ഡിസ്റ്റമ്പർ, ഫെലൈൻ പാർവോ വൈറൽ ഡിസീസ് എന്നിവയുടെ രോഗനിർണയം, ഡോട്ട് എലൈസ ഉപയോഗിച്ചുള്ള എലിപ്പനി രോഗനിർണയം നടത്താം. വെള്ളത്തിന്റെ ഭൗതിക, രാസപരിശോധനയും ഇ -കോളി പോലുള്ള രോഗാണുക്കളുടെ സാന്നിധ്യ പരിശോധനയും ലാബിൽ നടത്തുന്നു. Read on deshabhimani.com