മാറ്റ് കുറഞ്ഞില്ല, നൂറ്റാണ്ട് കഴിഞ്ഞിട്ടും
കണ്ണൂർ നൂറുവർഷം മുമ്പ് ലണ്ടനിലെ വെംബ്ലി എക്സിബിഷനിൽ പ്രദർശിപ്പിച്ച തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രദർശനം തുടങ്ങി. ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ ഭാഗമായാണ് കൈത്തറി മ്യൂസിയത്തിൽ തുണിത്തരങ്ങൾ പ്രദർശിപ്പിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ മുദ്ര പതിപ്പിച്ച സ്വർണനൂലുകൾകൊണ്ട് എംബ്രോയ്ഡറി ചെയ്‌ത ടേബിൾ മാറ്റ്, അലങ്കാര പായ ഡോയിലി, പർപ്പിൾ സെന്റർ എംബ്രോയ്ഡറി ലേയ്‌സ്, കോർസെറ്റ് തുടങ്ങിയവ കാണാനായി വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേരെത്തി. വെംബ്ലിയിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യ പ്രദർശനത്തിന് ലഭിച്ച കോപ്പർ മെഡലും ജനശ്രദ്ധപിടിച്ചുപറ്റി. സൂപ്പർ ക്ലോത്ത് ലേസ്, ലേഡീസ് ബാഗ്, ജപ്പാൻ ലേയ്‌സ്, സിറിയക്കാർ ഉപയോഗിച്ച കോട്ടൺ നേരിയതും ശിരോവസ്‌ത്രവും, പർപ്പിൾ ഫ്രോക്ക് എന്നിവയും പ്രദർശനത്തിലുണ്ട്. ഈ തുണിത്തരങ്ങൾ നൂറു വർഷത്തിനുശേഷമാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനം ബുധനാഴ്‌ചയും തുടരും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി, കലക്ടർ അരുൺ കെ വിജയൻ , കൗൺസിലർ പി വി ജയസൂര്യൻ, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, ദിനേശ് ചെയർമാൻ എം കെ ദിനേശ്ബാബു, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി എസ് മഞ്ജുളാദേവി, ഹാൻവീവ് എംഡി അരുണാചലം സുകുമാർ, താവം ബാലകൃഷ്ണൻ, പി പി വിനീഷ്, പി എസ് പ്രിയരാജൻ, വെള്ളോറ രാജൻ, എം ഉണ്ണികൃഷ്ണൻ, രാകേഷ് മന്ദമ്പേത്ത്, അസ്‌ലം പിലാക്കീൽ എന്നിവർ സംസാരിച്ചു. ‘മലബാറിന്റെ പൈതൃകം' വിഷയത്തിൽ യു പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രശ്നോത്തരിയും സംഘടിപ്പിച്ചു. Read on deshabhimani.com