പ്രചരിച്ചത് ഔദ്യോഗിക ഫലം: കണ്ണൂർ സർവകലാശാല
കണ്ണൂർ നാലുവർഷബിരുദം ആദ്യ സെമസ്റ്റർ ഫലം ചോർന്നുവെന്ന പേരിൽ പ്രചരിച്ചത് ഔദ്യോഗികഫലമെന്ന് കണ്ണൂർ സർവകലാശാല. ടെസ്റ്റിങ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഒരു പ്രൊഫൈലിൽ ഫലം നേരത്തെ പ്രത്യക്ഷപ്പെട്ടതെന്നും സർവകലാശാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനാണ് സർവകലാശാല തീരുമാനിച്ചത്. അവസാന പരീക്ഷ കഴിഞ്ഞ് 8 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിന്റെ ചരിത്ര നേട്ടത്തിലാണ് സർവകലാശാല. 51 ഓളം പ്രോഗ്രാമുകളുടെ ഫലം വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. പ്രിൻസിപ്പൽ പ്രൊഫൈലിൽ കോളേജിന്റെ കൺസോളിഡേറ്റഡ് റിസൽട്ടും വിദ്യാർഥികളുടെ പ്രൊഫൈലിലും മൊബൈൽ അപ്പിലും അവരുടെ ഫലവും കാണാൻ സാധിക്കും. തടസ്സങ്ങളില്ലാതെ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാകാൻ വിവിധ പ്രോഗ്രാമുകളുടെ ഫലങ്ങൾ വിവിധ സമയങ്ങളിലായി പുറത്തുവിടുന്നത് ഓട്ടോമാറ്റിക് ഷെഡ്യൂളിങ് വഴിയാണ്. വ്യാഴം വൈകിട്ട് ആറിന് തുടങ്ങി രാത്രിയോടെ മുഴുവൻ ഫലങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കാവുന്ന വിധത്തിലാണ് ഷെഡ്യൂളിങ് നടത്തിയത്. എന്നാൽ, ഇതിനു കുറച്ച് മുമ്പ് ടെസ്റ്റിങ്ങിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമായിരുന്നു. ഇത് സർവകലാശാല ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ശേഷമേ പ്രിൻസിപ്പൽമാർ വിദ്യാർഥികൾക്ക് നൽകാവൂ. ഒരു കോളേജ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക പ്രൊഫൈലിൽ വന്ന ഫലമാണ് ‘ഫലം ചോർന്നു' എന്ന പേരിൽ പ്രചരിക്കുന്നത്. ഇത് സർവകലാശാലയുടെ ഔദ്യോഗിക ഫലമാണ്. വിദ്യാർഥികൾക്ക് ഫലം ലഭ്യമാകുന്നതിന് മുമ്പ് ഇത് പ്രചരിക്കാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. Read on deshabhimani.com