കായികക്കുതിപ്പിന് കണ്ണൂർ
കണ്ണൂർ കണ്ണൂരിന്റെ കായികകുതിപ്പിന് കരുത്താകാൻ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക്ക് ട്രാക്ക് ഒരുങ്ങുന്നു. സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ മൈതാനത്തിന്റെയും നിർമാണപ്രവൃത്തി ജനുവരി ആദ്യം പൂർത്തിയാക്കും. സിന്തറ്റിക് ട്രാക്കിൽ നാലരസെന്റീമീറ്റർ കനത്തിൽ ബിറ്റുമിൻ മെക്കാഡവും രണ്ടര സെന്റീമീറ്റർ കനത്തിൽ ബിറ്റുമിൻ കോൺക്രീറ്റും നടത്തി. ഒന്നര സെന്റിമീറ്റർ കനത്തിൽ റബർ, പോളിയുറത്തൈൻ എന്നിവയുടെ മിശ്രിതം പാകി. ഫുട്‌ബോൾ ഗ്രൗണ്ടിന് 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുണ്ട്. മൈതാനത്ത് പ്രത്യേക ജിയോ ടെക്സ്റ്റയിൽ വിരിച്ചു. ജിയോ ടെക്‌സ്‌റ്റയിലിന്റെ മുകളിൽ 10 സെന്റീമീറ്റർ കനത്തിൽ മണലും ചകിരിച്ചോറും അടങ്ങിയ മിശ്രിതം നിറച്ചുകൊണ്ടിരിക്കുകയാണ്. ബർമുഡ ഗ്രാസ് വിരിക്കുന്ന പ്രവൃത്തിയാണ് ബാക്കി. ഫുട്‌ബോൾ മൈതാനത്തിൽ ഡ്രയിനേജ് നിർമാണം പൂർത്തിയായി. പൊലീസ് മൈതാനത്ത് ഇൻഡോർ കോർട്ട് നിർമാണവും തുടങ്ങി. ഇവിടെ ബാഡ്മിന്റൺ, വോളിബോൾ എന്നിവ പരിശീലിക്കാം. പദ്ധതിക്ക് 1.42 കോടി രൂപ ചെലവ് വരും. മാങ്ങാട്ടുപറമ്പ് ക്യാമ്പസ് ഗ്രൗണ്ടിലും ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിലും തലശേരി മുൻസിപ്പൽ സ്റ്റേഡിയത്തിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിലുമാണ് ജില്ലയിൽ സിന്തറ്റിക്ക് ട്രാക്കുള്ളത്. 7.57 കോടി ചെലവിൽ കേരള പൊലീസ് സ്പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് സിന്തറ്റിക്ക് ട്രാക്കും ഫുട്ബോൾ മൈതാനവും നിർമിക്കുന്നത്. കണ്ണൂരിലെ പ്രധാന കായിക മത്സരങ്ങൾക്കെല്ലാം വേദിയാകാറുള്ളത് പൊലീസ് പരേഡ് ഗ്രൗണ്ടാണ്. കണ്ണൂർ സ്പോർട്‌സ് സ്‌കൂളിലെ അത്‌ലീറ്റുകളും ഫുട്ബോൾ താരങ്ങളും വർഷങ്ങളായി ഇവിടെയാണ് പരിശീലനം നടത്തുന്നത്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രേറ്റ്സ് സ്പോർട്സ് എന്ന സ്ഥാപനത്തിനാണ് നിർമാണച്ചുമതല. സംസ്ഥാനത്ത് പൊലീസ് വകുപ്പിനുകീഴിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ് സിന്തറ്റിക് ട്രാക്കുള്ളത്. Read on deshabhimani.com