അപ്പഴേ പറഞ്ഞതാ... ഇത് ‘കായം കലക്കൽ.!’



മാട്ടൂൽ  നിർമാണഘട്ടത്തിൽ നാട്ടുകാർ അപാകം ചൂണ്ടിക്കാട്ടിയ തടയണയുടെ സ്ലാബ്  മാസങ്ങൾക്കകം തകർന്നു. മാട്ടൂൽ സെൻട്രൽ ചാലിൽ 14-, 15 വാർഡുകളുടെ അതിർത്തി പങ്കിടുന്ന പ്രധാന തോടിനാണ് 20 ലക്ഷം രൂപ ചെലവഴിച്ച്‌ തടയണ നിർമിച്ചത്. അടിത്തട്ടിലെ കോൺക്രീറ്റ് സ്ലാബുകൾ പലയിടത്തും പൊട്ടി. പ്രധാന ഭിത്തിയുടെ അടിഭാഗത്തെ മണലും കോൺക്രീറ്റ് ഇളകിമാറി. മണൽനിരപ്പിൽനിന്ന്‌ തടയണ വേർപെട്ട് നിൽക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുകയോ തിരയടിക്കുകയോചെയ്താൽ തടയണ പൂർണമായും തകരുമെന്ന സ്ഥിതിയാണ്‌.നിർമാണത്തിലെ അപാകങ്ങൾക്കെതിരെ തുടക്കത്തിൽത്തന്നെ  പരാതി ഉയർന്നിരുന്നു.  വിജിലൻസ് അന്വേഷണം നടക്കുകയാണ്.  എം സാൻഡിനുപകരം 
കടൽപ്പൂഴി  ഉപ്പുവെള്ളം കയറുന്നത്‌ തടയാൻ നിർമിച്ച തടയണയുടെ കോൺക്രീറ്റിന്‌ മണൽ/എംസാൻഡിനു പകരം കടൽപ്പൂഴി ഉപയോഗിച്ചെന്നാണ് പരാതി. കടൽത്തീരത്തെ ഉപ്പുനഞ്ച് കലർന്ന പൂഴി കോൺക്രീറ്റ് കുഴക്കുമ്പോൾ യഥേഷ്ടം ചേർക്കുന്നതിന്റെ വീഡിയോ നാട്ടുകാർ ചിത്രീകരിച്ചിരുന്നു. കോൺക്രീറ്റിങ്ങിലെ കൃത്രിമം കരാറുകാരനെ ബോധ്യപ്പെടുത്തിയെങ്കിലും ആവശ്യമായ സാമഗ്രികൾ ചേർക്കാതെയാണ് പണി പൂർത്തിയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസിനും പരാതി നൽകിയത്. സ്ലാബുകൾ പൊട്ടിത്തുടങ്ങിയതോടെ സമീപത്തെ പാറക്കല്ലുകൾ കൊണ്ടുവന്ന്  തള്ളുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്ന ഘട്ടത്തിൽ തകർച്ചയുടെ വ്യാപ്തി കുറക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.  കടൽപ്പൂഴിക്ക് കോൺക്രീറ്റിങ്ങിന്‌ ആവശ്യമായ ഗ്രേഡ് ഇല്ലാത്തതിനാൽ കമ്പിയില്ലാത്ത കോൺക്രീറ്റായ എബട്ട്‌മെന്റിനും പിയറിനും ഗ്രേഡഡ് സാന്റും എം സാൻഡും 1:1 എന്ന അനുപാതത്തിലും ബെഡ് ബ്ലോക്ക്, ബീം സ്ലാബ്, പാരപ്പെറ്റ് തുടങ്ങിയ കമ്പി ഉപയോഗിച്ച കോൺക്രീറ്റുകൾക്ക് എംസാൻഡ്‌ മാത്രവുമാണ് ഉപയോഗിക്കേണ്ടത്. യഥാവിധി പദ്ധതി പൂർത്തിയായാൽ വെള്ളക്കെട്ടിനാൽ കടുത്ത ദുരിതം പേറുന്ന വീട്ടുകാർക്കും  വയലുകൾ തരിശിടേണ്ടിവന്ന നൂറുകണക്കിന് കർഷകർക്കും ആശ്വാസമായേനേ. ഒപ്പം ഉപ്പുവെള്ളം കയറുന്നത് തടയാനും കെട്ടിക്കിടക്കുന്ന വെള്ളം യഥാസമയങ്ങളിൽ ഒഴുക്കിവിടാനും സാധിക്കുമായിരുന്നു.    Read on deshabhimani.com

Related News