നവതിയും കടന്ന സർഗവൈഭവം
തലശേരി വർണനൂലിൽ നെയ്തെടുത്ത ചിത്രങ്ങൾ പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് സമ്മാനിക്കുമ്പോൾ കൃഷ്ണപുരം തറവാട്ടിലെ പത്മിനിയമ്മയ്ക്ക് എന്തെന്നില്ലാത്ത ആനന്ദമാണ്. തറവാട്ടിലെത്തുന്ന പ്രിയപ്പെട്ടവർക്ക് താൻ നെയ്തെടുത്ത നൂൽചിത്രങ്ങൾ സ്നേഹത്തോടെ സമ്മാനിക്കുകയാണ് ഈ മുത്തശ്ശി. സൂചിയും വർണനൂലുകളുംകൊണ്ട് ഈ തൊണ്ണൂറ്റിനാലുകാരി മെനയുന്നത് നിറപ്പകിട്ടാർന്ന കാഴ്‌ചകളാണ്. അതിൽ പൂക്കളും പക്ഷികളും പ്രകൃതിദൃശ്യങ്ങളുമുണ്ട്. ഒഴിവ് സമയം ആനന്ദകരമാക്കാൻ 10 വർഷം മുമ്പാണ് പത്മിനിയമ്മക്ക് ചിത്രങ്ങൾ നെയ്യാനുള്ള കിറ്റ് മകൻ എത്തിച്ചത്. അതേവരെ ടിവിക്ക് മുന്നിൽ നേരം കൊല്ലാനിരുന്ന അമ്മൂമ്മ ഇതോടെ വർണനൂലുകളാൽ മനോഹര ചിത്രങ്ങൾ നെയ്‌തുതുടങ്ങി. പ്രകൃതിയുടെ വിവിധ ഭാവങ്ങളും മൃഗങ്ങളും പക്ഷികളും സസ്യലതാദികളുമുൾപ്പെടുന്ന അനേകം ചിത്രങ്ങൾ. കഥകളിയും താജ്‌മഹലുമൊക്കെ അതിന്റെ മാസ്‌മരികഭംഗി ചോരാതെ നെയ്തെടുക്കും. പൂർത്തിയാകുന്ന ചിത്രങ്ങൾ മക്കൾ ഫ്രെയിം ചെയ്‌തുകൊണ്ടുവരും. പത്ത് വർഷത്തിനിടെ നൂറ്റമ്പതോളം വർണനൂൽ ചിത്രങ്ങൾ പൂർത്തിയാക്കി. സമയമെടുത്താണ് ഓരോന്നും വരയുന്നത്. പത്മിനിയമ്മയുടെ 94-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നിടുമ്പ്രം മുത്തപ്പൻ മടപ്പുര റോഡിലെ കൃഷ്ണപുരം തറവാട്ടിൽ നൂൽചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് കുടുംബം. ചിത്രകാരൻ കെ കെ മാരാർ ഉദ്ഘാടനം ചെയ്‌തു. ബുധനാഴ്‌ച സമാപിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ടി വി അനന്തക്കുറുപ്പിന്റെ മകളാണ് പത്മിനിയമ്മ. സൈനിക ഉദ്യോഗസ്ഥനായിരുന്ന കയരളത്തെ പരേതനായ കേളപ്പൻ നമ്പ്യാരാണ് ഭർത്താവ്. Read on deshabhimani.com