പിണറായി എഡ്യുക്കേഷൻ 
ഹബ്ബിന്‌ 23ന്‌ കല്ലിടും

പിണറായി എഡ്യൂക്കേഷൻ ഹബ്ബിന്റെ രൂപരേഖ


പിണറായി  ഉന്നതവിദ്യാഭ്യാസ മേഖലയിൽ കണ്ണൂരിന്റെ അഭിമാനപദ്ധതിയായ പിണറായി എഡ്യുക്കേഷൻ ഹബ്ബിന്‌   മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച കല്ലിടും. പിണറായി കൺവൻഷൻ സെന്ററിൽ രാവിലെ 10ന്‌ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും. മന്ത്രി പി എ മുഹമ്മദ്‌ റിയാസ് മുഖ്യാതിഥിയാകും.  കിഫ്ബി ധനസഹായത്തോടെ  ധർമടം നിയോജകമണ്ഡലത്തിലെ പിണറായി പഞ്ചായത്തിൽ കിൻഫ്ര മുഖാന്തരം ഏറ്റെടുത്ത 12.93 ഏക്കർ സ്ഥലത്താണ് വിദ്യാഭ്യാസസമുച്ചയം നിർമിക്കുന്നത്. പോളിടെക്നിക് കോളേജ്, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡസ്ട്രീയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, സിവിൽ സർവീസ് അക്കാദമി എന്നിവ ഹബ്ബിലുൾപ്പെടും.  അതിഥിമന്ദിരം, ക്യാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം എന്നിവയുമൊരുക്കും.    കെഎസ്ഐടിഐഎൽ സമർപ്പിച്ച പദ്ധതി രൂപരേഖയിൽ 245 കോടി രൂപയുടെ ധനാനുമതിയാണ്‌ ആദ്യം ലഭിച്ചത്‌. എഡ്യുക്കേഷൻ ഹബ്ബിനോട്‌ ചേർന്ന്‌ ഓപ്പൺ എയർതിയറ്ററും നിർമിക്കാൻ തീരുമാനിച്ചതോടെ  285 കോടി രൂപയുടെ പുതുക്കിയ രൂപരേഖ സമർപിച്ചു.  ഇതിനു ഭരണാനുമതിയും 275.21 കോടി രൂപയുടെ ധനാനുമതിയും കിഫ്ബിയിൽനിന്ന്‌ ലഭ്യമായി.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം. 2026 ജനുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. Read on deshabhimani.com

Related News