സിപിഐ എം 
ഗൃഹസന്ദർശനം ഇന്ന് സമാപിക്കും

മന്ത്രി എം ബി രാജഷിന്റെ നേതൃത്വത്തിൽ മയ്യിൽ ഇടൂഴി ആയുർവേദ നഴ്‌സിങ് ഹോം സന്ദർശിച്ചപ്പോൾ.


 കണ്ണൂർ പുതുവത്സരദിനത്തിൽ ആരംഭിച്ച ​  സിപിഐ എം   ഗൃഹസന്ദർശനം ഞായറാഴ്ച സമാപിക്കും.   ജനങ്ങളെ കേൾക്കാനുള്ള സിപിഐ എം പരിപാടിയെ നല്ല മനസ്സോടെയാണ്‌ നാട്‌ ഏറ്റെടുത്തത്‌. 22 ദിവസമായി നടന്ന ഗൃഹസന്ദർശനത്തിൽ സിപിഐ എം നേതാക്കളും പ്രവർത്തകരും വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് സംവദിച്ചു. എന്നും കാണുന്നവരാണെങ്കിലും സൗഹൃദസന്ദർശനവുമായി വീട്ടിലെത്തിയവരെ  വീട്ടുകാർ സ്വീകരിച്ചു. വീടുകൾ, സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിച്ചതിനൊപ്പം നേതാക്കളും പ്രവർത്തകരും സംഘടനാ ഭാരവാഹികളുമായും മറ്റും സൗഹൃദ സംഭാഷണങ്ങൾ നടത്തി. എല്ലാ വീടുകളിലും എത്തുകയെന്ന വിപുലമായ പരിപാടിയാണ്‌ ഗൃഹസന്ദർശനത്തിലൂടെ പാർടി ഏറ്റെടുത്തത്‌.  എൽഡിഎഫ് സർക്കാരിന്റെ സർവതല സ്പർശിയായ വികസനപ്രവർത്തനങ്ങളോട് മികച്ച പ്രതികരണമാണ് ​ ജനങ്ങളിൽനിന്നുണ്ടായത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ  ശക്തമായ  പ്രതിഷേധവുമുയർന്നു. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ  വിശദീകരിക്കുന്നതിനൊപ്പം നിർദേശങ്ങളും അഭിപ്രായങ്ങളും നേതാക്കൾ പ്രവർത്തകരോട് ചോദിച്ചറിഞ്ഞു.   ഗൃഹസന്ദർശനത്തിന്റെ ഭാഗമായി   മന്ത്രി  എം ബി രാജേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്‌ച  മയ്യിൽ ഇടൂഴി ആയുർവേദ നഴ്‌സിങ് ഹോം സന്ദർശിച്ചു. ഡോ. ഐ ഭവദാസൻ നമ്പൂതിരി, ഉണ്ണികൃഷ്‌ണൻ നമ്പൂതിരി എന്നിവരുമായി ആയുർവേദ ചികിത്സാരംഗത്തെ കാര്യങ്ങൾ സംസാരിച്ചു. സർക്കാരിന്റെ മെഡിസെപ്പ്‌  പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തണമെന്ന്‌ ഇരുവരും  അഭ്യർഥിച്ചു.     കെ വി സുമേഷ് എംഎൽഎ, ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.  Read on deshabhimani.com

Related News