പിണറായി എഡ്യുക്കേഷൻ ഹബ്ബ് നിർമാണോദ്ഘാടനം നാളെ



തലശേരി പിണറായിയിൽ  285 കോടി രൂപ ചെലവിൽ നിർമിക്കുന്ന പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമാണോദ്ഘാടനം  വെള്ളിയാഴ്‌ച രാവിലെ  പത്തിന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ഒരുക്കങ്ങൾ പൂർത്തിയായതായി  മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ,  സംഘാടകസമിതി ജനറൽ കൺവീനർ കെ കെ രാജീവൻ,  പ്രൊജക്ട് ഡയറക്ടർ  മനോജ് ചുമ്മാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.    പിണറായി കൺവൻഷൻ സെന്ററിൽ നടക്കുന്ന  ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും.  മന്ത്രി  പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.         പോളിടെക്‌നിക് കോളേജ്, ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐടിഐ, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവീസ് അക്കാദമി എന്നിവയാണ് വിദ്യാഭ്യാസ സമുച്ചയത്തിൽ ഉൾപ്പെടുത്തിയത്.  അടിസ്ഥാന വികസനസൗകര്യങ്ങളായ അതിഥി മന്ദിരം, ക്യാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും  പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.  പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി  പഞ്ചായത്തിന്റെ   ഉടമസ്ഥതയിലുള്ള സ്ഥലത്ത്  2000 പേർക്ക് ഇരിക്കാവുന്ന  ഓപ്പൺഎയർ ഓഡിറ്റോറിയവും നിർമിക്കും.  ഐഎച്ച്‌ആർഡി കോളേജ്‌, പോളിടെക്‌നിക്‌, ഗസ്‌റ്റ്‌ ഹൗസ്‌, ക്യാന്റീൻ  നിർമാണം തുടങ്ങി.  2026 ജനുവരിയോടെ  നിർമാണം പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യം.     Read on deshabhimani.com

Related News