ഈ സ്‌നേഹം ‘ശ്യാമളം’



തളിപ്പറമ്പ്‌ പ്രായം ശ്യാമളയ്‌ക്ക്‌ വെറുമൊരു സംഖ്യയാണ്‌, പ്രായമായവരാകട്ടെ അത്രമേൽ പ്രാണനും. വല്ലായ്‌മകളും രോഗപീഡകളും വാർധക്യത്തിന്റെ അവശതകളും പേറുന്നവർക്കുമുന്നിൽ എം വി ശ്യാമളയെന്ന അറുപത്തിമൂന്നുകാരി ചുറുചുറുക്കുള്ള ചെറുപ്പമാകും. സ്‌നേഹത്താൽ തലോടി, ഹൃദയംകൊണ്ട്‌ ചേർന്നുനിൽക്കുമ്പോൾ കണ്ണീരുപ്പു പടർന്ന മിഴികളിൽ പതിയെ സന്തോഷത്തിന്റെ ചെറുപുഞ്ചിരി തെളിയും. അതിനായി കൂവോട്ടെ വീട്ടിൽനിന്ന്‌ ഈ ഇറങ്ങിനടത്തം തുടങ്ങിയിട്ട്‌ എട്ടുവർഷമായി. ഉറ്റവർ മാറ്റിനിർത്തിയവരും  മാനസികമായി ഒറ്റപ്പെട്ടുപോയവരുമെല്ലാം ശ്യാമളയ്‌ക്ക്‌ ഒരുപോലെ.  വീട്ടമ്മയെന്ന കുപ്പായത്തിലല്ല, പലപല വേഷപ്പകർച്ചകളിലാണ്‌ ശ്യാമള വയോജനങ്ങളുടെ പ്രിയപ്പെട്ടവളാകുന്നത്‌. അനാഥരായി തെരുവിൽ അലയുന്ന വൃദ്ധരെ റവന്യുവകുപ്പിന്റെ കീഴിലുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രത്യേക പരിചരണ വിഭാഗത്തിലെത്തിക്കുമ്പോൾ മാലാഖയാവും. വാതിൽപ്പടി സേവനം വഴി ഡോക്ടറെക്കണ്ട്‌ മരുന്നുകൾ ആവശ്യക്കാർക്ക്‌ വീട്ടിലെത്തിക്കുന്ന കൂട്ടുകാരിയാകും ചിലപ്പോൾ. കുടുംബത്തിൽനിന്നുപോലും നീതിനിഷേധിക്കപ്പെടുന്നവർക്കായി ഉദ്യോഗസ്ഥതലത്തിൽ ഇടപെട്ട്‌ നീതി ലഭ്യമാക്കി, സംരക്ഷണം ഉറപ്പുവരുത്തുന്ന ശ്യാമള അപ്പോൾ നിയമപാലകയാവും. സാമൂഹ്യനീതി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച്‌ ക്ലാസെടുക്കുന്ന അധ്യാപികയുമാകും. വയോജനങ്ങൾക്ക്‌ അർഹമായ ആനുകൂല്യങ്ങളുൾപ്പെടെ വാങ്ങിനൽകാനും സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫേർ അസോസിയേഷ (എസ്‌സിഎഫ്‌ഡബ്ല്യുഎ)നിലൂടെ ജനകീയ നേതാവാകും.  വയോജനങ്ങളുടെ ആരോഗ്യ പരിചരണങ്ങളെക്കുറിച്ച്‌ സമൂഹ ബോധവൽക്കരണത്തിനും പ്രായമായവരെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ അവബോധം വർധിപ്പിക്കാനും ശ്രമിക്കുമ്പോൾ ഈ പാലിയേറ്റീവ്‌ പ്രവർത്തക സാമൂഹ്യപ്രവർത്തകയാവും. ഏത്‌ വേഷത്തിലായലും പ്രായമായവരെ പരിഗണിക്കുന്നതാണ്‌ ഏറ്റവും വലിയ മനുഷ്യത്വമെന്ന്‌ ശ്യാമള പറയുന്നു.  നവകേരള സദസ്സിന്റെ ഭാഗമായുണ്ടായ യോഗത്തിൽ വയോജനങ്ങളുടെ പ്രശ്‌നങ്ങൾ ശ്യാമള അവതരിപ്പിച്ചതിലൂടെ വയോജന ക്ലിനിക്കിൽ ഗ്ലൂക്കോമീറ്ററും സ്‌ട്രിപ്പും നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഐആർപിസിയുടെ സജീവ പ്രവർത്തകയും എസ്‌സിഎഫ്‌ഡബ്ല്യുഎ ജില്ലാ കമ്മിറ്റി വനിതാവിങ്‌ അംഗവുമാണ്‌ ശ്യാമള. ജൈവ കർഷകനായ കെ വി ഗംഗാധരനാണ്‌ ഭർത്താവ്‌. മക്കൾ: പ്രമോദ്‌ ജി നമ്പ്യാർ (ചാർട്ടഡ്‌ അക്കൗണ്ടന്റ്‌), കലാ ജി നമ്പ്യാർ (ഹൈക്കോടതി അഭിഭാഷക). Read on deshabhimani.com

Related News