പെട്ടിക്കടയിൽ ഹംസയുടെ ജീവിതം തളിർക്കും

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഹംസയ്‌ക്കായി പഞ്ചായത്ത് ഒരുക്കിനൽകിയ പെട്ടിക്കട പി പി റെജി ഉദ്‌ഘാടനംചെയ്യുന്നു


കുറ്റ്യാട്ടൂർ ജീവിതവഴിയിൽ അപ്രതീക്ഷിതമായെത്തിയ വാഹനാപകടം ചട്ടുകപ്പാറയിലെ ഹംസയുടെ ജീവിതത്തെ പിടിച്ചുകുലുക്കിയെങ്കിലും നന്മനിറഞ്ഞ കരങ്ങളിലൂടെ ജീവിതത്തിൽ പുതുനാമ്പുകൾ വിരിയുകയാണ്. കുറ്റ്യാട്ടൂരിലെ അതിദരിദ്ര കുടുംബത്തിൽപ്പെട്ടയാളാണ്‌ ഹംസ. ഡ്രൈവറായി ജോലിചെയ്ത് കുടുംബം നോക്കിയിരുന്ന ഹംസയുടെ ജീവിതത്തിലേക്ക് 2007ലാണ് വാഹനാപകടം വില്ലനായെത്തിയത്. അപകടത്തിൽ അരക്ക് താഴെ തളരുകയും ജീവിതത്തിന്റെ താളംതെറ്റുകയും ചെയ്തു. ഭാര്യ വാഹിതയും മകളുമടങ്ങുന്ന കുടുംബം കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. ജീവിതച്ചെലവും മകളുടെ പഠനവുമൊക്കെയായി ജീവിതത്തോട് മല്ലിടുമ്പോഴാണ് സർക്കാരിന്റെ അതിദരിദ്ര നിർമാർജന പദ്ധതി പുതുവെളിച്ചമായത്.  പഞ്ചായത്തിന്റെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി പുതിയ ജീവിതമാർഗം നൽകി. സ്‌പോൺസറെ കണ്ടെത്തി പെട്ടിക്കടയും ആവശ്യമായ സൗകര്യങ്ങളും നൽകി. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷനിൽ നിർമിച്ച പെട്ടിക്കട പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി ഉദ്‌ഘാടനംചെയ്തു. പഞ്ചായത്തംഗം പി ഷീബ അധ്യക്ഷയായി. കെ സി അനിത, യു മുകുന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News