ചെറുധാന്യങ്ങൾ വ്യാപിപ്പിക്കാൻ
കൃഷി വിജ്ഞാനകേന്ദ്രവും കുടുംബശ്രീയും



കണ്ണൂർ അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിൽ കൃഷി വ്യാപിപ്പിക്കാൻ കണ്ണൂർ കൃഷി വിജ്ഞാന  കേന്ദ്രവും കുടുംബശ്രീയും. കൃഷി വിജ്ഞാന കേന്ദ്രം, കൃഷി വകുപ്പുമായി സഹകരിച്ച്‌  ജില്ലയിൽ 50 ഹെക്ടറിൽ  ചെറു ധാന്യ കൃഷിക്കുള്ള വിത്ത്‌ വിതരണം ചെയ്‌തിരുന്നു.  കൊട്ടിയൂർ, തില്ലങ്കേരി, പയ്യാവൂർ പഞ്ചായത്തുകളെയാണ്‌ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നതിന്‌ കൃഷി വിജ്ഞാന കേന്ദ്രം തെരഞ്ഞെടുത്തത്‌.   കരപ്പറമ്പുകൾ, തരിശിടങ്ങൾ, രണ്ടാംവിള നെൽകൃഷി കഴിഞ്ഞ പാടങ്ങൾ എന്നിവിടങ്ങളിലാണ്‌ കൃഷി നടത്തുക. ഉഴുന്ന്‌, ചെറുപയർ, വൻപയർ എന്നീ പയർവർഗ കൃഷിയെ ബാധിക്കാത്ത രീതിയിലായിരിക്കും ചെറുധാന്യങ്ങൾ വ്യാപിപ്പിക്കുക.  കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെയും നേരിട്ടും കുടുംബശ്രീ ചെറുധാന്യ കൃഷി നടത്തും. ഉളിക്കൽ പഞ്ചായത്തിലെ കുടുംബശ്രീയുടെ മണിചോളവും തിനയും വിളവെടുപ്പ്‌ പാകത്തിലാണ്‌.  തില്ലങ്കേരി, നടുവിൽ പഞ്ചായത്തുകളിൽ ചാമ, മുത്താറി കൃഷി തുടങ്ങിയിട്ടുണ്ട്‌. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ചെറു ധാധ്യ കൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ കുടുംബശ്രീ. ഇത്‌ സംബന്ധിച്ച്‌ കൃഷി വിജ്ഞാന  കേന്ദ്രവുമായി ധാരണയിലെത്തി. റാഗി, ചാമ, തിന, വരഗ്, പനിവരഗ്, മക്കാച്ചോളം, കുതിരവാലി, കമ്പ്, അരിച്ചോളം എന്നിവയാണ്‌ കൃഷി ചെയ്യുക. ഇതിന്റെ പ്രചാരണവുമായെത്തിയ  സംസ്ഥാന ചെറുധാന്യ സന്ദേശയാത്ര കർഷകരിൽ വലിയ  പ്രതീക്ഷയുണർത്തിയിട്ടുണ്ട്‌. ചെലവ്‌ വളരെ കുറഞ്ഞ കൃഷിയാണിത്‌. വളപ്രയോഗം കാര്യമായി വേണ്ട. അമ്ലാംശമുള്ള മണ്ണാണെങ്കിൽ വിത്തിടുന്നതിനുമുമ്പ്‌ കുമ്മായമിടണമെന്ന്‌ മാത്രം. വളർച്ചയ്‌ക്ക്‌ മണ്ണിലെ ഈർപ്പാംശം മതി. 90 ദിവസത്തിനകം വിളവെടുക്കാം.  കീട ബാധ്യത കുറവായിരിക്കും. വിളവെടുക്കാനാകുന്ന സമയത്ത്‌  കിളി ശല്യമുണ്ടാകും. കൃഷി വിജ്ഞാന കേന്ദ്രം കർണാടകത്തിലെ തുങ്കൂറിൽനിന്നാണ്‌ ചെറുധാന്യ വിത്തുകൾ എത്തിക്കുന്നത്‌.   മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച്‌  മണിചോളം, കമ്പ്‌ ചോളം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്‌. രണ്ട്‌ ചോളവും കാലത്തീറ്റയ്‌ക്ക്‌ പറ്റിയവ.  ഹെക്ടറിൽ 40 ടൺ വൈക്കോൽ ലഭിക്കും.   ഹെക്ടറിൽ മൂന്ന്‌ ടൺ ധാന്യവും ഉൽപാദിപ്പിക്കാനാകും. Read on deshabhimani.com

Related News