മന്ത്രിയെ കാണാൻ ദേവാഞ്ജനയെത്തി; ഹൃദ്യമീ... കൂടിക്കാഴ്‌ച
ധർമശാല മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ആശുപത്രി വികസന പ്രവർത്തനം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തി. നിർമാണം പൂർത്തിയായ പേ വാർഡ്, അത്യാഹിത വിഭാഗം, വാർഡുകൾ, ലാബുകൾ തുടങ്ങിയവ സന്ദർശിച്ചു. ജീവനക്കാരുടെ കുറവ് പരിശോധിച്ച് ആവശ്യമായ തസ്തികകൾ പുനർവിന്യാസത്തിലൂടെ സൃഷ്ടിക്കും. പണി പൂർത്തിയായ പേ വാർഡ് സേവനം തുടങ്ങണം. വന്ധ്യതാ നിവാരണ കേന്ദ്രം 2021 ഫെബ്രുവരിയിൽ തുടങ്ങിയതാണെങ്കിലും ജീവനക്കാരുടെയും ഉപകരണങ്ങളുടെയും അപര്യാപ്തത നിലവിലുണ്ട്. ഇത് പരിഹരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തും. ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, രോഗികൾ എന്നിവരോട് മന്ത്രി അഭിപ്രായങ്ങൾ ആരാഞ്ഞു. ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഹൃദയശസ്ത്രക്രിയക്ക് വിധേയയായ ബക്കളം പീലേരിയിലെ നാലാം ക്ലാസ് വിദ്യാർഥിനി ദേവാഞ്ജന മന്ത്രിയെകണ്ട് നന്ദി പറഞ്ഞു. മാതാപിതാക്കളായ വി മനീഷിന്റെയും അഞ്ജുവിന്റെയും കൂടെയാണ് ദേവാഞ്ജനയെത്തിയത്. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ് കുഞ്ഞി, എം പി നളിനി, ഇ അഞ്ജന, ഇ റീന, ടി എൻ ശ്രീനിമിഷ, പി എൻ രാജപ്പൻ, സൂപ്രണ്ട് എം കെ ഷാജ്, പി ശാന്ത, കെ സബിത തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായി. Read on deshabhimani.com