കണ്ണൂർ– തലശേരി റൂട്ടിൽ ഇന്നുമുതൽ ബസ് സർവീസ്‌ നിർത്തും



തോട്ടട ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ യാത്രാസൗകര്യം തടസ്സപ്പെടുന്നതിന്‌ പരിഹാരമായി നടാൽ ഒകെയുപി സ്‌കൂൾ പരിസരത്ത്‌ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട്‌ കണ്ണർ–- തലശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ ചൊവ്വാഴ്‌ച മുതൽ സർവീസ് നിർത്തും. ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോട്ടട വഴി കുറ്റിക്കകം മുനമ്പിലേക്കുള്ള  ബസ്സുകളും ഓട്ടം നിർത്തും.  ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂരിൽനിന്ന്‌ തലശേരിയിലേക്കും തിരിച്ചും സർവീസ്‌ റോഡ്‌ വഴിയാണ്‌ ബസ്‌ സർവീസ്‌ ഉണ്ടാവുക. തോട്ടട വഴി തലശേരി ഭാഗത്തേക്കുപോകുന്ന ബസ്സുകൾക്ക്‌ നടാൽഗേറ്റ്‌ കടന്നാൽ ദേശീയപാതയ്‌ക്ക്‌ സമാന്തരമായി നിർമിക്കുന്ന റോഡിലേക്ക്‌ പ്രവേശിക്കാൻ നിലവിൽ സൗകര്യമില്ല. മൂന്നര കിലോമീറ്റർ ചാല ജങ്‌ഷൻവരെ സഞ്ചരിച്ച്‌ ട്രാഫിക്‌ സർക്കിൾ ചുറ്റി വീണ്ടും നടാൽ ഭാഗത്തേക്ക്‌ പോകണം. ഏഴുകിലോമീറ്റർ കൂടുതൽ സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്‌ ബസ്സുകൾ. പ്രദേശവാസികൾക്കും യാത്ര ദുഷ്‌കരമാകും.  ഇഎസ്‌ഐ ആശുപത്രി, പോളിടെക്‌നിക്‌, ഐടിഐ, എസ്‌എൻ കോളേജ്‌, ഐഐഎച്ച്‌ടി, ടെക്‌നിക്കൽ ഹൈസ്‌കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളും ഈ പ്രദേശത്താണ്‌. ഇവിടങ്ങളിലേക്കുള്ള യാത്രയും ദുരിതത്തിലാകും.  ഊർപഴശ്ശിക്കാവ്‌ പരിസരത്ത്‌ അടിപ്പാതയുണ്ടെങ്കിലും ഇതിന്‌ ഉയരം കുറവായതിനാൽ ബസ്സുകൾക്ക്‌ കടന്നുപോകാൻ കഴിയില്ല.  നടാലിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ്‌ ബസ്‌ സർവീസ്‌ നിർത്തി പ്രതിഷേധിക്കാൻ തീരുമാനിച്ചത്‌. നടാൽ അടിപ്പാത ആക്‌ഷൻ കമ്മിറ്റി, ബസ് ഓപ്പറേറ്റേഴ്സ് കോ–- ഓഡിനേഷൻ കമ്മിറ്റി, ജനപ്രതിനിധികൾ, നാട്ടുകാർ ചേർന്ന്‌  ചൊവ്വാഴ്‌ച  താണയിലെ ദേശീയപാത പ്രൊജക്ട്‌  ഓഫീസ്  ഉപരോധിക്കും. ആക്‌ഷൻ കമ്മിറ്റി  തോട്ടടയിൽ നടത്തിയ പൊതുയോഗം മേയർ മുസ്ലീഹ് മഠത്തിൽ ഉദ്‌ഘാടനംചെയ്‌തു. സത്യൻ വണ്ടിച്ചാൽ അധ്യക്ഷനായി. പി പ്രകാശൻ, കെ പ്രദീപൻ, വി വി പുരുഷോത്തമൻ, രാജ്കുമാർ കരുവാത്ത്, പി കെ പവിത്രൻ, എം അനിൽകുമാർ, കെ ഗിരിധരൻ, കെ വി സവിത, വി വി പുരുഷോത്തമൻ, പി കെ രാഗേഷ്, പി വി കൃഷ്ണകുമാർ, എ ബാലകൃഷ്ണൻ, ബിജോയ് തയ്യിൽ, കെ വി രവീന്ദ്രൻ, വി വി ശശീന്ദ്രൻ, കെ കെ ശ്രീജിത്ത്, എ രജീവൻ എന്നിവർ സംസാരിച്ചു . മയ്യിൽ- –- കണ്ണൂർ റൂട്ടിൽ 
പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ മയ്യിൽ അപ്രതീക്ഷിതമായി ജീവനക്കാർ നടത്തിയ ബസ് പണിമുടക്കിൽ വലഞ്ഞ്‌ ജനം.  മയ്യിൽ- –-കമ്പിൽ –-- കണ്ണൂർ റൂട്ടിലാണ് കഴിഞ്ഞദിവസം  ബസ് ജീവനക്കാരുടെ കൂട്ടായ്‌മ മിന്നൽപണിമുടക്ക് നടത്തിയത്. ഞായർ രാത്രി എട്ടിന് കമ്പിലിൽ ബൈക്കിന്  സൈഡ് നൽകിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രികൻ ബസ് തടഞ്ഞുനിർത്തി ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ രജീഷ്,  യാത്രക്കാരനായ കണ്ടക്കൈയിലെ  പി രാധാകൃഷ്ണൻ എന്നിവർക്ക് മർദനമേറ്റിരുന്നു. ഇതേതുടർന്നാണ് ബസ് ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കിയത്.  സംഭവത്തിൽ പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്ത്‌ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന്  ബസ് ജീവനക്കാരുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും സർവീസ് പുനരാരംഭിക്കാനായില്ല.  കണ്ണൂർ–-- കണ്ണാടിപ്പറമ്പ് റൂട്ടിലും തിങ്കളാഴ്ച സർവീസ് മുടങ്ങിയിരുന്നു. Read on deshabhimani.com

Related News