ജിജീഷിനറിയാം കൃഷിയിടത്തിലെ എൻജിനിയറിങ്
കണ്ണൂർ പശുക്കൾക്ക് മൂക്കുകയറില്ല... വിശാലമായ പറമ്പിൽ മേഞ്ഞുനടന്ന് രാത്രിയായാൽ ഇവ താനേ ആലയിലെത്തും. കൂട്ടിലൊതുങ്ങാതെ സ്വച്ഛന്ദം വിഹരിക്കുന്നുണ്ട് ആടും കോഴിയും താറാവും... കാവലിന് 10 നായയും. സർവസ്വതന്ത്രരായ ഇവരെ അതിരുവിട്ടുപോകാതെ ചേർത്തുനിർത്തുന്നതിൽ ഒരു കർഷകന്റെ സ്‌നേഹവും എൻജിനിയറുടെ കരവിരുതുമുണ്ട്. ചൂരൽ അരിയിൽ വെള്ളച്ചാട്ടത്തിന് സമീപത്തെ കെ വി ജിജീഷിന് പറയാനുള്ളതും കൃഷിയിടത്തിലെ ഈ എൻജിനിയറിങ്ങിനെക്കുറിച്ചാണ്. അതുവഴി ഈ വർഷത്തെ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പക്ഷി, മൃഗം വിഭാഗത്തിലെ പുരസ്‌കാരത്തിനർഹനായതിനെക്കുറിച്ചും. അച്ഛൻ ഗംഗാധരനിൽനിന്നുലഭിച്ച കൃഷിപാഠമാണ് കംപ്യൂട്ടർ എൻജിനിയറായ ജിജീഷിനെ കൃഷിയിടത്തിലെത്തിച്ചത്. ചീമേനി എൻജിനിയറിങ് കോളേജിലെ പഠനത്തിനുശേഷം ടെക്‌നോ പാർക്കിലും ബംഗളൂരുവിലും കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലുമായി 17 വർഷം ജോലിചെയ്‌തു. കൃഷിയോടുള്ള ഇഷ്ടത്താൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. അഞ്ചേക്കറിൽ മൂന്ന് പശുക്കളുമായി ഡെയ്‌റി ഫാം തുടങ്ങി. റെഡ് സിന്ധി, താർപാർക്കർ, സഹിവാൾ തുടങ്ങിയവയായിരുന്നു ആദ്യം. ഇപ്പോൾ 14 ഇനങ്ങളിലായി 85 പശു, ആട്, കോഴി, താറാവ്, അലങ്കാരക്കോഴികൾ എന്നിവയുണ്ട്. ഇന്ത്യയിലെ വിവിധ ജനുസ്സുകളിൽപ്പെട്ട കന്നുകാലികളുടെ പ്രജനന കേന്ദ്രം കൂടിയാണിവിടം. നാഷണൽ ഡെയ്‌റി ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ സഹായത്തോടെ കോയമ്പത്തൂരിൽനിന്നാണ് ബീജം കൊണ്ടുവരുന്നത്. രോഗപ്രതിരോധ ശേഷിയിലും പാൽ ഉൽപ്പാദനത്തിലും മികച്ച ഇനങ്ങളെ സംരക്ഷിക്കുന്നു. പാൽ ക്ഷീരസംഘത്തിൽ നൽകുന്നതോടൊപ്പം ഫാമിനോട് ചേർന്ന കടയിൽ നാടൻ പാലൊഴിച്ച ചായയുടെയും തൈര്, മോര്, നെയ്യ് എന്നിവയുടെയും വിൽപ്പനയുണ്ട്. ചോളത്തണ്ട് കൊണ്ടുവന്ന് കാലിത്തീറ്റ നിർമിക്കുന്ന സംരംഭവുമുണ്ട്. പയ്യന്നൂർ ജംസ് ഇന്റർനാഷണൽ സ്‌കൂൾ അധ്യാപിക വർഷ പ്രഭാകറാണ് ഭാര്യ. വിദ്യാർഥികളായ ആത്‌മികയും അനാമികയും മക്കൾ. Read on deshabhimani.com