കോൺഗ്രസ് ഭരിക്കുന്ന സൊസൈറ്റിയിൽ പണം ആവശ്യപ്പെട്ട്‌ നിക്ഷേപകർ

പണം ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകർ ഭരണസമിതി അംഗങ്ങളുമായി വാക്കുതർക്കത്തിൽ


 ചക്കരക്കൽ കോടികളുടെ സാമ്പത്തിക തിരിമറി നടന്ന ചക്കരക്കല്ലിലെ കോൺഗ്രസ് ഭരിക്കുന്ന കണ്ണൂർ ജില്ലാ ബിൽഡിങ്‌ മെറ്റീരിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ  നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തിയത് സങ്കട കാഴ്ചയായി. പണം എന്ന് നൽകാൻ സാധിക്കുമെന്ന് പറയാനാകാതെ ഭരണസമിതി അംഗങ്ങൾ കൈമലർത്തി. പല അവധികളും പറഞ്ഞെങ്കിലും നിക്ഷേപകർക്ക് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഘത്തിൽ ഒത്തുചേർന്നത്.  ദിന നിക്ഷേപത്തിൽ 40,000 രൂപ നഷ്ടപ്പെട്ട കാവിൻമൂലയിലെ വ്യാപാരി ഭാർഗവൻ മുതൽ ചില്ലിക്കാശ് സ്വരുക്കൂട്ടി നിക്ഷേപിച്ച വിട്ടമ്മമാർവരെ വഞ്ചിക്കപ്പെട്ടു. പാനേരിച്ചാലിലെ വയോധികനായ രാജു  രണ്ടുലക്ഷം രൂപ  നിക്ഷേപിച്ചിരുന്നു.  രോഗബാധിതനായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ആയിട്ടും ചില്ലിക്കാശ്  നൽകാൻ സംഘത്തിനായില്ല.   ഭർത്താവിന്റെ  പെൻഷൻ തുക സംഘത്തിൽ നിക്ഷേപിച്ച ഗൃഹനാഥയും കബളിപ്പിക്കപ്പെട്ടു.  മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന്, വിവാഹ ആവശ്യത്തിന് പണം നിക്ഷേപിച്ചവരും ആശങ്കയിലാണ്.  അതിനിടെ സ്പെഷ്യൽ ഓഡിറ്റിങ്ങിൽ ഏകദേശം 11 കോടിയുടെ തിരിമറികളാണ് കണ്ടെത്തിയത്‌. എന്നാൽ, ആരുടെയും പണം നഷ്ടപ്പെടില്ലെന്നും അസറ്റുകൾ സംഘത്തിൽ ലയിപ്പിച്ച് കുടിശ്ശിക തീർക്കാനാകുമെന്നും അസി. റജിസ്ട്രാർ പറഞ്ഞിരുന്നു.  ശനിയാഴ്ച നടന്ന  നിക്ഷേപകരുടെയും ഭരണസമിതി അംഗങ്ങളുടെയും യോഗത്തിൽ പ്രസിഡന്റ് കെ സി മുഹമ്മദ് ഫൈസലും സെക്രട്ടറി ഇ കെ ഷാജിയും  ഭരണസമിതി അംഗങ്ങളും പങ്കെടുത്തെങ്കിലും തീരുമാനം ഒന്നുമായില്ല. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് അനുസരിച്ച ചെക്ക് നൽകാൻ പോലും ഭരണസമിതി തയ്യാറായില്ല.  Read on deshabhimani.com

Related News