വിറ്റുവരവ്‌ 1000 കോടി രൂപയാക്കും: 
എം വി ഗോവിന്ദൻ എംഎൽഎ

കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിലുള്ള കേരള ചിക്കൻ സംരഭത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പദ്ധതിയുടെ എഗ്രിമെന്റ് ഏറ്റുവാങ്ങി എം വി ഗോവിന്ദൻ എംഎൽഎ നിർവഹിക്കുന്നു


  തളിപ്പറമ്പ്‌ കേരള ചിക്കനെ ആയിരംകോടി രൂപയുടെ വിറ്റുവരവുള്ള സർക്കാർ സംവിധാനമായി മാറ്റലാണ്‌ ലക്ഷ്യമെന്ന്‌ എം വി ഗോവിന്ദൻ എംഎൽഎ.  കുടുംബശ്രീ ജില്ലാ മിഷൻ  നേതൃത്വത്തിലുള്ള കേരള ചിക്കൻ സംരഭത്തിന്റെ  ജില്ലാതല ഉദ്‌ഘാടനം മൊട്ടമ്മൽ മാളിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.  നാടുകാണിയിൽ കോഴിവളർത്തലിനാവശ്യമായ പത്ത്‌ ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്‌. ഒരുദിവസം നാലായിരം കോഴിക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നും ആയിരക്കണക്കിന്‌ കുടുംബങ്ങൾക്ക്‌ കുടുംബശ്രീവഴി മികച്ച വരുമാനം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ നഗരസഭാ വൈസ്‌ ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷനായി. കെബിഎഫ്‌പിസിഎൽ മാർക്കറ്റിങ്‌ മാനേജർ എസ്‌ അഗിൻ,  പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി ശ്രീമതി, ജോജി ജോസഫ്‌, കൗൺസിലർ കെ എൻ ലത്തീഫ്‌, രാജി നന്ദകുമാർ എന്നിവർ സംസാരിച്ചു. ചിക്കൻ വിപണനരംഗത്ത്‌ സജീവമായ പടിയൂരിലെ പ്രിയം ചിക്കൻ ഉടമ പങ്കജാക്ഷിയിൽനിന്ന്‌  പദ്ധതിയുടെ എഗ്രിമെന്റ്‌ കെബിഎഫ്‌പിസിഎൽ മാർക്കറ്റിങ്‌ മാനേജർ ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ ഡോ. എം സുർജിത്ത്‌ സ്വാഗതവും പി ഒ ദീപ നന്ദിയും പറഞ്ഞു.   മൃഗസംരക്ഷണ വകുപ്പും കേരള സ്‌റ്റേറ്റ്‌  പൗൾട്രി ഡെവലപ്‌മെന്റ്‌ കോർപ്പറേഷനും സംയോജിപ്പിച്ചാണ്‌ കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്‌.  വർധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ  ഗുണന്മേയുള്ള ചിക്കനാണ്‌ മിതമായ വിലയിൽ വിപണനം നടത്തുക. കേരളത്തിലെ പത്താമത്തെ കേന്ദ്രമാണ്‌ കണ്ണൂരിൽ ആരംഭിക്കുന്നത്‌.  ജില്ലയിൽ കോഴികളെ വളർത്തുന്നതിന്‌  18 ഫാമുകളാണ്‌ തയ്യാറായിട്ടുള്ളത്‌. ക്ലസ്‌റ്ററുകളായും വ്യക്തികൾവഴിയും ഗ്രൂപ്പുകൾ വഴിയുമാണ്‌ കോഴി വളർത്തൽ. കുടുംബശ്രീ അംഗങ്ങളായ കോഴികർഷകർക്ക്‌ സ്ഥിരവരുമാനം  ഉറപ്പുവരുത്തുക, കേരളത്തിലെ  അഭ്യന്തര വിപണിയുടെ അമ്പത്‌ ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത്‌തന്നെ  ഉൽപ്പാദിപ്പിച്ച്‌ വിപണനം നടത്തുക എന്നിവയാണ്‌ പദ്ധതിയുടെ ലക്ഷ്യം.   Read on deshabhimani.com

Related News