മട്ടന്നൂരിൽ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു



  മട്ടന്നൂര്‍ മട്ടന്നൂർ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. നിലവിലുണ്ടായ മണ്ഡലം പ്രസിഡന്റുമാരെ മാറ്റി പുതിയ ആളുകളെ നിയമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ബ്ലോക്ക് കമ്മിറ്റിക്കുകീഴിലെ കൊതേരി, കൂടാളി, മട്ടന്നൂർ നോർത്ത് മണ്ഡലം കമ്മിറ്റികളിലാണ് നിലവിലുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റുമാരെ മാറ്റി കെപിസിസി പുതിയവരെ നിയമിച്ചത്. കൊതേരി മണ്ഡലം പ്രസിഡന്റായിരുന്ന കെ പ്രശാന്തനെ മാറ്റി പകരം എ കെ ദീപേഷിനെയും കൂടാളിയിൽ കെ സി ബൈജുവിന് പകരം ജോയി കോളോളത്തെയും മട്ടന്നൂർ നോർത്ത് മണ്ഡലത്തിൽ വി കുഞ്ഞിരാമനെ മാറ്റി ഒ കെ പ്രസാദിനെയുമാണ്  നിയമിച്ചത്. നിയമനത്തിന് മുമ്പായി ചേർന്ന സമവായ കമ്മിറ്റി കെ പ്രശാന്തനെയും കെ സി ബൈജുവിനെയും ഐകകണ്‌ഠ്യേന പ്രസിഡന്റുമാരായി തൽസ്ഥാനത്ത് നിർത്തണമെന്ന് കെപിസിസിയോട് നിർദേശിച്ചിരുന്നതായാണ് വിവരം. എന്നാൽ പുതിയ പ്രസിഡന്റുമാരുടെ പട്ടികയിൽ ഇവരെ തഴഞ്ഞു.  നിലവിൽ കീഴല്ലൂർ മണ്ഡലം കമ്മിറ്റിയാണ് കെപിസിസിയുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. കൊതേരി സ്കൂളിൽ മുൻ പ്രസിഡന്റ് കെ പ്രശാന്തന്റെ നേതൃത്വത്തിൽ പ്രവർത്തക കൺവൻഷൻ ചേർന്നു. നൂറോളം പ്രവർത്തകരും നേതാക്കളും   പങ്കെടുത്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെയും കോൺഗ്രസിന്റെ പോഷക സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. 15 ബൂത്ത്‌ കമ്മിറ്റികളിൽ 14 ബൂത്ത്‌ പ്രസിഡന്റുമാരും നിലവിൽ രാജിവച്ചു. ഈ 14 പ്രസിഡന്റുമാരും പ്രശാന്തനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കരുതെന്നാവശ്യപ്പെട്ട്  നേരത്തെ ഡിസിസി പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും നിവേദനം നൽകിയിരുന്നു. ഈ തീരുമാനം അട്ടിമറിച്ചത് കീഴല്ലൂർ മണ്ഡലത്തിനുള്ളിലെ ചില കോൺഗ്രസ്‌ നേതാക്കളാണെന്നും യുഡിഎഫ് ചെയർമാൻ ഹേമചന്ദ്രൻ പറഞ്ഞു.  കീഴല്ലൂർ മണ്ഡലത്തിലെ മേൽകമ്മിറ്റി ഭാരവാഹികളും കെ പ്രശാന്തനെയാണ് പിന്തുണയ്ക്കുന്നത്. കൂടാതെ കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹിത്വങ്ങളിലുള്ള പല പ്രധാന മുതിർന്ന നേതാക്കളും പ്രശാന്തനെ  പിന്തുണയ്ക്കുന്നു. മണ്ഡലത്തിലെ കോൺഗ്രസ്‌ ഭരിക്കുന്ന ചില സഹകരണ സ്ഥാപനങ്ങൾ ലക്ഷ്യംവച്ചുള്ള ചില വ്യക്തികളുടെ പ്രവർത്തനങ്ങളാണ് പ്രശാന്തനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിലെന്നും സൂചനയുണ്ട്. പ്രശാന്തനെ വീണ്ടും പ്രസിഡന്റായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നേതാക്കളും പ്രവർത്തകരും. ഇത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിലും പുതിയ നേതൃത്വത്തിനെതിരെ പ്രതിഷേധംപുകയുന്നുണ്ട്. Read on deshabhimani.com

Related News