നായിക്കാലിയിൽ ഗതാഗതം പുനസ്ഥാപിക്കാൻ പുഴത്തീരം ഒഴിവാക്കി റോഡ് നിർമിക്കും



കണ്ണൂർ മട്ടന്നൂർ  മണ്ഡലത്തിലെ മട്ടന്നൂർ-–-ഇരിക്കൂർ റോഡിലെ മണ്ണൂർ നായിക്കാലിയിൽ റോഡ്‌ തകർന്നിടത്ത്‌ ഗതാഗതം പുനസ്ഥാപിക്കാൻ പുഴത്തീരം ഒഴിവാക്കി റോഡ് നിർമിക്കാൻ തീരുമാനം. പൊതുമരാമത്ത് -  മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ  ഇടപെടലുകളെ തുടർന്നാണ് ബദൽ റോഡിന് കിഫ്ബി അംഗീകാരം നൽകിയത്. പുഴത്തീരം ഒഴിവാക്കി റോഡിന് സമീപത്തെ ഭൂമിയും കെട്ടിടവും ഏറ്റെടുത്ത് ബദൽപാത നിർമിക്കാൻ കിഫ്ബി സിഇഒ അംഗീകാരം നൽകി.   പുതുക്കിയ അലൈൻമെന്റ് തയ്യാറാക്കി  പ്രവൃത്തി നടത്താനും കിഫ്ബി അനുമതി നൽകി. ഭൂമി ഏറ്റെടുക്കലിനും ബദൽപാതക്കുമുള്ള തുടർനടപടികൾ സ്വീകരിക്കാൻ കെആർഎഫ്ബി എക്‌സിക്യുട്ടീവ് എൻജിനിയറെ മന്ത്രി ചുമതലപ്പെടുത്തി. അടിയന്തരമായി ബദൽപാത ഒരുക്കി ഗതാഗതം പുനസ്ഥാപിക്കാനും നിർദേശം നൽകി. Read on deshabhimani.com

Related News