സ്‌ത്രീകളുടെ പ്രശ്‌നങ്ങൾക്ക് ‘കാതോർത്ത്’
കണ്ണൂർ സ്ത്രീകളുടെ പ്രശ്‌ന പരിഹാരത്തിന് സഹായവുമായി വനിതാ ശിശു വികസന വകുപ്പിന്റെ ‘കാതോർത്ത്’ പദ്ധതി. ഓൺലൈൻ കൗൺസലിങ്, പൊലീസ് സഹായം, നിയമസഹായം എന്നിവ ലഭ്യമാക്കുന്ന പദ്ധതി ഓൺലൈൻ വഴി വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായുള്ള ബോധവൽക്കരണ –- പ്രചാരണ പരിപാടികൾ തുടങ്ങി. സംസ്ഥാനത്ത് 2021 ഫെബ്രുവരിയിലാണ് ‘കാതോർത്ത് ’ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ ഫോൺകോളിലൂടെയായിരുന്നു പരാതി രജിസ്‌റ്റർചെയ്തത്. സ്ത്രീകൾക്ക് യാത്രാക്ലേശം, സമയനഷ്ടം എന്നിവ ഒഴിവാക്കി വിർച്വൽ പ്ലാറ്റ്‌ഫോമിലൂടെ അടിയന്തര സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്മാർട്ട് ഫോൺ ഉപയോഗിച്ച് അധികൃതർക്ക് നേരിട്ട് പരാതി നൽകാനുള്ള സൗകര്യവും ലഭിക്കും. സേവനങ്ങൾ 48 മണിക്കൂറിനുള്ളിൽ ലഭിക്കും. ജില്ലയിൽ മൂന്ന് കൗൺസിലർമാരും നാല് അഭിഭാഷകരും ഇതിന്റെ ഭാഗമായുണ്ട്. കൂടാതെ കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ ഭാഗങ്ങളിൽ വനിതാ സെല്ലിലെ പൊലീസുകാരുടെ സേവനവും ലഭ്യമാണ്. www.kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പരാതി രജിസ്റ്റർചെയ്യാം. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ–-മെയിൽ എന്നിവ നൽകി ആവശ്യമായ സേവനം തെരഞ്ഞെടുക്കണം. ആവശ്യപ്പെട്ട സേവനത്തിനുള്ള സമയവും രേഖപ്പെടുത്താം. അപേക്ഷ രജിസ്റ്റർ ആയാൽ ഒരു സർവീസ് നമ്പർ ഗുണഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് ആയി ലഭിക്കും. പരാതി പരിശോധിച്ച് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനം ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെ ജീവനക്കാരാണ് ഏകോപിപ്പിക്കുന്നത്. അതത് വിഭാഗത്തിലെ കൺസൾട്ടന്റുമാർ ഓൺലൈൻ അപ്പോയിന്റ്മെന്റിലൂടെ പരാതിക്കാരിക്ക് സേവനം നൽകും. കൗൺസലിങ് ഉൾപ്പെടെയുള്ള ഏത് സഹായത്തിനും വി മീറ്റ് എന്ന ആപ്ലിക്കേഷനിലൂടെ ലഭിക്കും. . ഇത് സ്മാർട്ട്ഫോണിൽ ഡൗൺലോഡ് ചെയ്യാം. Read on deshabhimani.com