നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാൾ തുറന്നു
തളിപ്പറമ്പ് ആധുനിക സൗകര്യങ്ങളോടെ സിപിഐ എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാൾ ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഹാളിന് പുറത്തൊരുക്കിയ ചിത്രചുമർ പ്രകാശനവും എം വി ഗോവിന്ദൻ നിർവഹിച്ചു.ഏരിയാകമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള ഹാൾ തളിപ്പറമ്പിലെ കലാസാംസ്‌കാരിക രംഗത്ത് പുതിയ കാൽവയ്‌പാകും. കർഷക–- കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന കെ കെ എൻ പരിയാരത്തിന്റെ സ്‌മരണക്ക് 1999 മാർച്ചിൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഹാൾ ഉദ്‌ഘാടനംചെയ്‌തത്. കഴിഞ്ഞ പാർടി കോൺഗ്രസിന്റെ ഭാഗമായാണ് കാലപ്പഴക്കമുള്ള കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്. ശീതികരിച്ച, മികച്ച ശബ്‌ദ ക്രമീകരണങ്ങളുള്ള ഓഡിറ്റോറിയത്തിൽ 750 പേർക്ക് ഇരിക്കാം. ആക്രി സാധനങ്ങൾ സമാഹരിച്ച് വിറ്റും ഇ എം എസ് സ്‌മാരക ലൈബ്രറി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺവഴിയും ഹാൾ നവീകരണത്തിനുള്ള ഫണ്ട് കണ്ടെത്തി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. കർഷക തൊഴിലാളി നേതാവ് കെ കുഞ്ഞപ്പയുടെ സ്‌മരണക്ക് നിർമിച്ച മിനിഹാൾ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ടി വി രാജേഷ്, ടി കെ ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ആർക്കിടെക്ട് രാജീവൻ, നിർമാണപ്രവൃത്തികൾ പൂർത്തീകരിച്ചവർ എന്നിവർക്ക് എം വി ഗോവിന്ദൻ ഉപഹാരം നൽകി. സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച സീതാറാം യെച്ചൂരിയുടെ ഫോട്ടോ ജില്ലാകമ്മിറ്റിയംഗം പി മുകുന്ദനും കോടിയേരി ബാലകൃഷ്‌ണന്റെ ഫോട്ടോ പി കെ ശ്യാമളയും കെ ബാലകൃഷ്‌ണൻ നമ്പ്യാരുടെ ഫോട്ടോ കെ കൃഷ്‌ണനും അനാഛാദനം ചെയ്‌തു. ഏരിയാ സെക്രട്ടറി കെ സന്തോഷ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പി മുകുന്ദൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി. Read on deshabhimani.com