മലബാർ ക്യാൻസർ സെന്റർ ഇനിയും ഉയരെ
തലശേരി മലബാർ ക്യാൻസർ സെന്ററിനെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ട്രീറ്റ്‌മെന്റ് ആൻഡ് അക്കാദമിക് ബ്ലോക്ക് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നവീകരിച്ച ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ശസ്‌ത്രക്രിയാ സംവിധാനം, ഡ്രിപ്പോ ഉപയോഗിച്ചുള്ള വയർലെസ് ഇൻഫ്യൂഷൻ മോണിറ്ററിങ്, മലബാർ ക്യാൻസർ സെന്റർ ഇന്നോവേഷൻ ഇൻകുബേഷൻ നെസ്‌റ്റ് എന്നിവയും ഇതോടൊപ്പം ഉദ്‌ഘാടനംചെയ്യും. പകൽ 12ന് ചേരുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. ഷാഫി പറമ്പിൽ എംപി മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ ഏറ്റവും മികച്ച അർബുദ ചികിത്സാകേന്ദ്രമായി അതിവേഗം വളരുന്ന എംസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയത്. ബഹുനില കെട്ടിടം, 97.55 കോടി രൂപ ചെലവ് കിഫ്‌ബി ധനസഹായത്തോടെയാണ് ട്രീറ്റ്‌മെന്റ് ആൻഡ് അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. കിഫ്‌ബി ഒന്നാംഘട്ട പ്രവൃത്തിക്ക് 97.55 കോടി രൂപയാണ് ചെലവായതെന്ന് എംസിസി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് നിലയിലായി 96,975 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്ക്. കുടിവെള്ള സംവിധാനത്തിനായി ആർഒ പ്ലാന്റും മലിന ജലത്തിന്റെ പുനരുപയോഗത്തിനായി അൾട്രാഫിൽട്രേഷൻ എന്നിവയും സജജീകരിച്ചിട്ടുണ്ട്. നിലവിലെ ട്രീറ്റ്‌മെന്റ് ബ്ലോക്കിന് തുടർച്ചയായി നിർമിച്ചകെട്ടിടം ഐപി ബ്ലോക്കുമായും ബന്ധിപ്പിച്ചിട്ടുണ്ട്. 2020 ജൂൺ 17നാണ് പ്രവൃത്തി ആരംഭിച്ചത്. ഒപി, ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ബ്ലഡ് ബാങ്ക്, റിസപ്‌ഷൻ എന്നിവയുടെ നവീകരണവും ഇതിൽ ഉൾപ്പെടും. നൂറോളം കിടക്കകൾ പുതിയ ബ്ലോക്ക് തുറക്കുന്നതോടെ എംസിസിയിലെ ചികിത്സാ സൗകര്യം വിപുലപ്പെടും. ഡേ കെയർ കിമോതെറാപ്പിക്ക് 82 കിടക്കയാണ് പുതുതായി വരുന്നത്. വിദ്യാർഥികൾക്കുള്ള ക്ലാസ് മുറികളും ലൈബ്രറി, വകുപ്പ് മേധാവിക്കും പിജി വിദ്യാർഥികൾക്കുമുള്ള മുറികളും എല്ലാ നിലകളിലുമുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നില റേഡിയോ തെറാപ്പി വിഭാഗത്തിന്റെ വിപുലീകരണത്തിനാണ് ഒരുക്കിയത്. കഫ്‌റ്റേരിയ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള കാത്തിരിപ്പ് കേന്ദ്രം എന്നിവയും പ്രധാന ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള മുറികളും ഇവിടെയുണ്ട്. ഒന്നാംനിലയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിനായുള്ള 41 കിടക്കയുള്ള ഡേ കെയർ കിമോതെറാപ്പി വാർഡാണ്. 2 ഡീലക്‌സ് മുറി, 5 കിടക്കയോടെയുള്ള സിവിഎഡി ക്ലിനിക്ക് എന്നിവയുമുണ്ടാവും. പൂർണമായും അക്കാദമിക് ആവശ്യത്തിനുള്ളതാണ് രണ്ടാംനില. പരീക്ഷാഹാൾ, സെമിനാർ ഹാൾ, കംപ്യൂട്ടർ ലാബ്, എംസിസി ഇൻകുബേഷൻ നെസ്‌റ്റ്, സർജിക്കൽ ട്രെയിനിങ് ലാബ്, ഗവേഷണത്തിനുള്ള മുറികൾ എന്നിവയുമുണ്ടാവും. ഹെമറ്റോ ഓങ്കോളജി വിഭാഗത്തിന് 41 കിടക്കയോടുകൂടിയ ഡേ കെയർ കിമോ തെറാപ്പി വാർഡ് മൂന്നാംനിലയിലുണ്ടാവും. ആറു ഡീലക്‌സ് മുറി, ഫാർമസി എന്നിവയും സജ്ജമാണ്. മുഖച്ഛായ മാറി 2000 നവംബറിൽ പ്രവർത്തിച്ചു തുടങ്ങിയ എംസിസിയുടെ പ്രധാന കെട്ടിടമാണ് ഒപി ബ്ലോക്ക്. നവീകരണത്തിന്റെ ഭാഗമായി ഒപി ബ്ലോക്കിന്റെ താഴത്തെ നിലയിൽ നാലാമത്തെ ഓപ്പറേഷൻ തിയേറ്ററും എൻഡോസ്‌കോപ്പി സ്യൂട്ടും ഫാർമസി സംഭരണശാല, പൊതുസംഭരണശാല എന്നിവ നിർമിക്കുകയും ചെയ്‌തു. ക്യാൻസർ സെന്ററിന്റെയാകെ മുഖച്ഛായമാറ്റുന്ന വികസന പദ്ധതികളാണ് പൂർത്തിയായത്. ദേശീയനിലവാരമുള്ള ഏതൊരു ക്യാൻസർ ആശുപത്രിയോടും കിടപിടിക്കുന്നതാണ് നവീകരിച്ച ഒപിയും അനുബന്ധ സംവിധാനങ്ങളും. വാർത്താസമ്മേളനത്തിൽ ഡോ പി നിസാമുദ്ദീൻ, ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ അനിത തയ്യിൽ, വിജിലൻസ് ഓഫീസർ പി കെ സുരേഷ്, എൻജിനിയർ പി സി റീന എന്നിവർ പങ്കെടുത്തു. Read on deshabhimani.com