കച്ചേരിക്കടവിൽ വനപാലകരെ 7 മണിക്കൂർ തടഞ്ഞു

കച്ചേരിക്കടവിൽ ജനപ്രതിനിധികളും കർഷകരും വനപാലകസംഘത്തെ തടഞ്ഞപ്പോൾ


  ഇരിട്ടി അയ്യൻകുന്ന്‌ പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തിൻകടവ് മേഖലകളിൽ മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ വനപാലകരെ  ഏഴുമണിക്കൂർ കൃഷിയിടത്തിൽ തടഞ്ഞു. ഒരാഴ്ചക്കിടെ  മൂന്നാംതവണയും ജനവാസമേഖലയിൽ ആനകളെത്തി വ്യാപകമായി  കൃഷി നശിപ്പിച്ചപ്പോഴാണ്‌ പ്രതിഷേധം രൂക്ഷമായത്‌. വെട്ടിക്കാട്ടിൽ ഡെമനിക്കിന്റെ കൃഷിയിടത്തിലെത്തിയ ആനകൾ  കൂറ്റൻ തെങ്ങടക്കം പിഴുതെറിഞ്ഞു. മൂന്നുദിവസം മുമ്പും പാലത്തിൻകടവിൽ വ്യാപകമായി   കൃഷി  നശിപ്പിച്ചിരുന്നു. പണം അനുവദിച്ചിട്ടും കച്ചേരിക്കടവ് മുതൽ പാലത്തിൻകടവ് വരെ സോളാർ തൂക്കുവേലി നിർമാണം വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്‌. മാക്കൂട്ടം വന്യജീവിസങ്കേതത്തിൽനിന്ന്‌ ബാരാപോൾ പുഴ കടന്നാണ് ആനകൾ ജനവാസ മേഖലയിലെത്തുന്നത്‌.  ബുധൻ രാവിലെ ഒമ്പതോടെ സ്ഥലത്തെത്തിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി കൃഷ്ണശ്രീ, രാഹുൽ, രാജീവ് എന്നിവരെയാണ് തടഞ്ഞത്‌. പഞ്ചായത്ത് പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധത്തിനൊപ്പം ചേർന്നു. ഡിഎഫ്ഒ വന്ന്‌ ശാശ്വത പരിഹരം ഉറപ്പാക്കിയാലേ വിട്ടയക്കൂവെന്ന്‌ പ്രതിഷേക്കാർ അറിയിച്ചു. പൊലീസും സ്ഥലത്തെത്തി. പകൽ പതിനൊന്നോടെ കൊട്ടിയൂർ റെയിഞ്ചർ പി പ്രസാദ് സോളാർ വേലി നിർമാണത്തിലെ സാങ്കേതിക തടസ്സം ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന്‌ റെയിഞ്ചറെയും തടഞ്ഞു. തുടർന്ന്‌ കച്ചേരിക്കടവ് പള്ളി ഹാളിൽ ചേർന്ന ചർച്ചയിൽ ഡിഎഫ്ഒ എസ് വൈശാഖ് കർഷകരുടെ പരാതികൾ കേട്ടു. ഡിഎഫ്‌ഒ നൽകിയ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു സോളാർ തൂക്കുവേലി: 
നാളെ കരാറാകും കച്ചേരിക്കടവ് മുതൽ ബാരാപോൾ വരെ 6.5 കിലോമീറ്ററിൽ സോളാർ തൂക്കുവേലി നിർമിക്കാൻ 53.8 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ലഭിച്ച ക്വട്ടേഷനുകൾ  വെള്ളിയാഴ്‌ച തുറന്ന് കരാർ ഉറപ്പിക്കുമെന്ന്‌ ഡിഎഫ്‌ഒ ഉറപ്പുനൽകി. മേൽനോട്ടച്ചുമതല  ‘സിൽക്കി’ന്‌ നൽകും. കൃഷി വകുപ്പിന്റെ സഹായത്തോടെ നിർമിക്കുന്ന 2.20 കോടിയുടെ പ്രതിരോധ വേലി നിർമാണത്തിനുള്ള ധാരണാപത്രം അടുത്തദിവസം ഒപ്പുവയ്‌ക്കും. നിലവിലെ വേലികളുടെ പരിപാലനവും അറ്റകുറ്റപ്പണികളും വനംവകുപ്പ്‌ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്നും  ഉറപ്പുനൽകി.  Read on deshabhimani.com

Related News