ചിറയിൽ മുങ്ങിയവർക്ക്‌ നാട്ടുകാർ 
രക്ഷകർ; മോക്‌ഡ്രില്ലെന്ന്‌ സേന

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രച്ചിറയിൽ മുങ്ങിയവരെ 
രക്ഷപ്പെടുത്തി നാട്ടുകാർ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നു


തളിപ്പറമ്പ്‌ സൈറൺ മുഴക്കിപ്പോകുന്ന പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും വാഹനങ്ങൾ കണ്ടാണ്‌  ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും  തൃച്ചംബരം  ശ്രീകൃഷ്ണ ക്ഷേത്രച്ചിറയിലെത്തിയത്‌.  വാഹനങ്ങളിൽനിന്ന്‌  ലൈഫ് ജാക്കറ്റുകളും ട്യൂബുകളുമായി  ഇറങ്ങിയോടുന്ന ഉദ്യോഗസ്ഥരിൽനിന്നാണ്‌  കുളിക്കാനിറങ്ങിയ  യുവാക്കൾ മുങ്ങിയ വിവരം നാട്ടുകാർ അറിഞ്ഞത്‌.  ഇതോടെ   ചിറയിലിറങ്ങിയ നാട്ടുകാർ  ഇരുവരെയും രക്ഷപ്പെടുത്തി  കരയിലെത്തിച്ചു.   അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകാനും നാട്ടുകാർ സഹായിച്ചു. ചിലർ  തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലുലെത്തി. ആശുപത്രിയിൽവച്ച്‌  പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് ജലസുരക്ഷയുടെ ഭാഗമായി  ജില്ലാ പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ  മോക്ഡ്രില്ലാണെന്ന് നാട്ടുകാർ  തിരിച്ചറിഞ്ഞത്.   വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  ഉദ്യോഗസ്ഥർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും  ക്രിയാത്മകമായി ഇടപെട്ടുവെന്ന്‌ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി  എ വി ജോൺ പറഞ്ഞു.  ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ പ്രേമരാജൻ കക്കാടി, സ്‌പെഷ്യൽ ബ്രാഞ്ച് എസ്ഐ കെ ഷാജു, എസ്ഐ എൻ വി രമേശൻ, എസ്ഐ കെ വി പ്രസാദ്, തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരി  എന്നിവർ മോക്ഡ്രില്ലിൽ പങ്കെടുത്തു. Read on deshabhimani.com

Related News