ചിരിയുടെയും 
ചിന്തയുടെയും ഗുണ്ട്

ടീം ഗുണ്ട്‌


കണ്ണൂർ ചിരിച്ചും ചിന്തിപ്പിച്ചും ‘ഗുണ്ട്’ നൽകുന്ന പ്രമേയം ജനമനസ്സിലാണിന്ന്‌. പൊട്ടിച്ചിരിക്കാനും അതിലേറെ ചിന്തിക്കാനുമുള്ള ചെറുവീഡിയോകൾ.  നേരമ്പോക്കിന് ടിക്‌ ടോക്കിന്റെ ചുവടുപിടിച്ച് തുടങ്ങിയ സംരംഭം പതിയെ വൈറലാവുകയായിരുന്നു. കണ്ണൂരിന്റെ തനിനാടൻഭാഷയിലുള്ള ഇവരുടെ റീൽസിനെ മലയാളികളാകെ ഏറ്റെടുത്തു. അജിത്ത് പുന്നാടിന്റെയും നിജിത്ത് നിട്ടൂരാന്റെയും  ആശയത്തോടൊപ്പം മയ്യിൽ ഐടിഎം  കോളേജ് അധ്യാപകനായ രതീഷ് ഇരിട്ടിയും  വീഡിയോഗ്രാഫർ  പ്രജിത്ത് ഐമാക്സും ഒപ്പംകൂടിയപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമായി. കല്യാണപ്രായം അതിക്രമിച്ചിട്ടും പെണ്ണുതേടി അലയുന്ന യുവാക്കളെ പ്രമേയമാക്കി ‘സർക്കാർ ജോലിക്കാരനേ മകളെ വിവാഹം ചെയ്തയക്കൂ ' എന്ന  ആദ്യ പരീക്ഷണ റീൽസ് വൻവിജയം. പിന്നെ ജീവിതത്തിലെ നിത്യസംഭവങ്ങളെ ഒന്നോ ഒന്നരയോ മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യാവിഷ്കാരങ്ങളാക്കി മുന്നേറി. ‘കുഴിമന്തി 'യിലൂടെയുള്ള മതേതര കാഴ്ചപ്പാടിന് ഒരായിരം ലൈക്ക്. ബിച്ചുവെന്ന ഇതരസംസ്ഥാനക്കാരനിലൂടെ കേരളം എല്ലാവരുടെയും നാടാണെന്ന സന്ദേശത്തിന് നാടിന്റെയാകെ അംഗീകാരം.  ആദ്യം മൊബൈൽ ഫോണിലായിരുന്നു ചിത്രീകരണം. പിന്നീട് പ്രജിത്ത് ഐമാക്സ് പകർത്തിയ സുന്ദരദൃശ്യങ്ങളും  അജയ്‌ ജോസഫിന്റെ  പശ്ചാത്തല സംഗീതവുംകൂടിയായപ്പോൾ  വൈറലായി. എല്ലാറ്റിലും സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്ന പ്രമേയം.  രണ്ടാഴ്ച മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്ത ‘കല്യാണ നിശ്ചയം' ഹ്രസ്വ സിനിമ മൂന്നുലക്ഷത്തോളം പേരാണ് കണ്ടത്. ചിരിയോടൊപ്പം ചിന്തയ്ക്കും പ്രാധാന്യം നൽകിയാണ് ഒരോആശയവും ചിത്രീകരിച്ച് പ്രേക്ഷകർക്ക്‌ സമർപ്പിക്കുന്നതെന്ന് ഗുണ്ടിന്റെ  ശിൽപ്പികളായ നാൽവർസംഘം പറയുന്നു. ആരെയും ആക്ഷേപിക്കാതെ  ഹാസ്യത്തിലൂടെ സമൂഹത്തിൽ നല്ലസന്ദേശം പ്രചരിപ്പിച്ച് 250ൽ അധികം റീൽസും 16 ഹ്രസ്വസിനിമകളും പിറന്നപ്പോൾ നാടിന്റെയാകെ കൈയടി. അഭിനയത്തിൽ താൽപ്പര്യമുള്ളവർ സമീപിച്ചാൽ അവസരം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. വയനാട്‌ ദുരന്തബാധിതരെ സഹായിക്കാൻ ഒരുമാസത്തെ യൂട്യൂബ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയും ടീം ഗുണ്ട് മാതൃകയായി. സ്കൂളിൽ നാടകവും മോണോ ആക്ടും മിമിക്രിയും കളിച്ചതിലുപരിയായി അഭിനയരംഗത്ത് വലിയ പാടവമില്ലാത്തവർ ഇന്ന് അഭിനയകലയിൽ പലതരം ഗുണ്ട് പൊട്ടിക്കുകയാണ്‌. Read on deshabhimani.com

Related News