4 വാഹനങ്ങൾ കത്തിനശിച്ചു

തേർത്തല്ലി പൊയിലിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തം ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് അണയ് ക്കുന്നു


ആലക്കോട് തേർത്തല്ലി പൊയിലിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു.  നാല് വാഹനങ്ങൾ കത്തിനശിച്ചു. വർക്ക്ഷോപ്പുടമയും തൊഴിലാളിയുമായ വടക്കുംപൊയിൽ സ്വദേശി പുതുപ്പറമ്പിൽ ജിജി തോമസി (59) നാണ് പൊള്ളലേറ്റത്. ഇയാളെ ആലക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന മൂന്നു കാറുകളും ഒരു മാരുതി ഓംനി വാനും പൂർണമായും കത്തി. വെൽഡിങ്‌ ഗ്യാസിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടത്തിന്റെ ഭിത്തി തകർന്നു. ഇതിനോട് ചേർന്ന് നിന്നിരുന്ന കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.  ചൊവ്വ രാവിലെ 9.25നാണ് സംഭവം. കാറിനടിയിൽ കിടന്ന് ജിജി റിപ്പയറിങ്‌ ചെയ്യുന്നതിനിടയിൽ സ്പാർക്  ഉണ്ടാക്കുകയും  പെട്ടെന്ന് തീ ആളിപ്പടരുകയുമായിരുന്നു. കാറിനടിയിൽനിന്നും  ഉരുണ്ട് മാറിയതിനാൽ ജിജി രക്ഷപ്പെട്ടു. ഇയാൾക്ക് ഇടതുകൈയ്‌ക്ക് പൂർണമായും ഇടത് ചെവിക്ക് ഭാഗികമായും പൊള്ളലേറ്റു.  തീപടർന്ന് അൽപ്പസമയത്തിനകം  വർക്ക്ഷോപ്പിനകത്തുണ്ടായിരുന്ന വെൽഡിങ്‌ ഗ്യാസിന്റെ സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.  ഇതിനടുത്ത  കെട്ടിടത്തിലുണ്ടായിരുന്ന തുണിക്കടയുടെ മുൻഭാഗത്തെ ഗ്ലാസ് മറകൾ പൂർണമായും തകർന്നു.  സ്പോടനത്തിൽ കല്ലുകൾ തെറിച്ച് തൊട്ട് പിറകിലുണ്ടായിരുന്ന വീടിന്റെ ജനൽചില്ലും  തകർന്നിട്ടുണ്ട്‌. ഇവിടെയുണ്ടായിരുന്ന കിടപ്പുരോഗിയെ  നാട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറ്റി.  ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും പെരിങ്ങോം ഫയർ സ്റ്റേഷനിൽനിന്നുള്ള രണ്ട് യൂണിറ്റും തളിപ്പറമ്പിൽനിന്നുള്ള ഒരു യൂണിറ്റ് ഫയർ ഫോഴ്സുമെത്തി  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌  തീയണച്ചത്. ആലക്കോട് പൊലീസും സ്ഥലത്തെത്തി. തേർത്തല്ലി–- ആലക്കോട് മലയോര ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.    Read on deshabhimani.com

Related News