പയ്യന്നൂർ കോടതിസമുച്ചയം 
ജനുവരിയിൽ പൂർത്തിയാകും



പയ്യന്നൂർ പയ്യന്നൂർ കോടതിസമുച്ചയ നിർമാണം ജനുവരിയിൽ പൂർത്തിയാകും. സബ് ട്രഷറിക്ക് സമീപമുണ്ടായിരുന്ന മുൻസിഫ് കോടതിക്കെട്ടിടം പൊളിച്ചാണ്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌. കെട്ടിട നിർമാണത്തിന്‌ സംസ്ഥാന സർക്കാർ 14 കോടി രൂപയാണ്‌ അനുവദിച്ചത്‌.  താഴത്തെനിലയിൽ വാഹന പാർക്കിങ്, ക്യാന്റീൻ, ടോയ്‌ലറ്റ് സൗകര്യങ്ങളും ഒന്നാംനിലയിൽ പ്രോപ്പർട്ടി റൂം, ലീഗൽ സർവീസ് അതോറിറ്റി റൂം, സെൻട്രൽ നസ്രത്ത് റൂം, ജുഡീഷ്യൽ സർവീസ് സെന്റർ റൂം എന്നിവയുണ്ടാകും.രണ്ടാംനിലയിൽ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റൂം, ബെഞ്ച് സെ‌ക്‌ഷൻ, കറന്റ് റെക്കോഡ്‌സ്‌, മൂന്നാംനിലയിൽ മുൻസിഫ് കോർട്ട് റൂം, ബെഞ്ച് സെക്‌ഷൻ, കറന്റ് റെക്കോഡ്‌സ് തുടങ്ങിയവയുമൊരുക്കും. കെട്ടിടത്തിന്റെ അടിത്തറ, താഴത്തെ നില എന്നിവയടക്കം ആറുനില കെട്ടിടം നിർമിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഭരണാനുമതി ലഭിച്ചതും.   സാങ്കേതികാനുമതി ഘട്ടത്തിൽ അടിത്തറയിൽ ചില മാറ്റങ്ങൾ വന്നു. പരിശോധനയുടെ ഭാഗമായി 25 തൂണുകൾ 31 ആയി ഉയർത്തേണ്ടി വന്നു. നേരത്തെ നൽകിയിരുന്നതിനേക്കാൾ തുക ചുറ്റുമതിൽ നിർമാണത്തിനും വേണ്ടിവന്നു. അധികംവരുന്ന തുകയ്ക്ക് ഭരണാനുമതി ലഭിക്കാതായി. ജിഎസ്ടി 12 ശതമാനത്തിൽനിന്ന്‌ 18 ശതമാനത്തിലേക്ക് ഉയരുകയും ചെയ്‌തു.  നേരത്തെ ഭരണാനുമതി ലഭിച്ച 14 കോടി രൂപയിൽ നിർത്തി താഴത്തെ നിലയടക്കം നാല് നിലകൾ പൂർത്തീകരിക്കുന്ന രീതിയിൽ എസ്റ്റിമേറ്റിൽ മാറ്റം വരുത്തി. ലിഫ്റ്റ്, ജനറേറ്റർ, ഫയർഫൈറ്റിങ് ഉൾപ്പെടെ ഇലക്ട്രിക്കൽ പ്രവർത്തികൾക്കെല്ലാമായി 1.14 കോടി  രൂപയാണ് വകയിരുത്തിയിരുന്നത്.ജിഎസ്ടിയിലെ മാറ്റവും മറ്റും  കാരണം നേരത്തെ വകയിരുത്തിയ തുകയിൽ എല്ലാ ഇലക്ട്രിക്കൽ പ്രവർത്തികളുംചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നിർമാണം അവസാന ഘട്ടത്തിലാണെന്നും ഫയർ ഫൈറ്റിങ് ഒഴികെ ബാക്കി എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂർത്തിയാക്കുമെന്നും  നിർമാണം വിലയിരുത്തിയശേഷം ടി ഐ മധുസൂദനൻ എംഎൽഎ പറഞ്ഞു.   ഫയർ ഫൈറ്റിങ് സംവിധാനത്തിനുള്ള  അധിക തുകയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽനിന്ന് ഭരണാനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.  നഗരസഭാ ചെയർമാൻ കെ വി ലളിത, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എൻജിനിയർ ഷാജി തയ്യിൽ, അസി. എൻജിനിയർ സുനോജ്, ഇലക്ട്രിക്കൽ അസി. എൻജിനിയർ ലിമി, അഭിഭാഷകരായ രാജേഷ് പിലാങ്കു, ഡി കെ ഗോപിനാഥ്, കെ വിജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.   Read on deshabhimani.com

Related News