ഹൃദയം നിറഞ്ഞൊഴുകുന്ന സ്‌നേഹം



കണ്ണൂർ കഞ്ഞു ഹൃദയങ്ങൾക്ക്‌ കാവലൊരുക്കി ഹൃദ്യം പദ്ധതി. ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളുടെ ചികിത്സയ്‌ക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച  പദ്ധതിയിൽ ജില്ലയിൽ  441 കുട്ടികൾക്കാണ്‌  ഹൃദയ ശസ്ത്രക്രിയ നടത്തിയത്‌. 188 കുട്ടികൾക്ക് സ്ട്രക്ച്ചറൽ ഇന്റർവെൻഷനും (ശസ്‌ത്രക്രിയയില്ലാതെ ഹൃദയത്തിനകത്തുള്ള ദ്വാരം അടക്കുന്നതുൾപ്പെടെയുള്ള നടപടികൾ)  പൂർത്തിയാക്കി. 1,401 കുട്ടികളാണ് ജില്ലയിൽ ഹൃദ്യം പദ്ധതിയിൽ  രജിസ്റ്റർ ചെയ്തത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും തുടർപരിശോധന മാത്രം ആവശ്യമുള്ള കുട്ടികളും ഉൾപ്പെടുന്നു.  അതിജീവിച്ചവർ 
95 ശതമാനത്തിലേറെ നവജാത ശിശുക്കൾ മുതൽ 18 വരെയുള്ള കുട്ടികളുടെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ്‌ ഹൃദ്യം. ജില്ലയിൽ ഇതുവരെ നടത്തിയ ശസ്‌ത്രക്രിയകളിൽ 95 ശതമാനത്തിലധികം വിജയമാണ്‌. ജനന സമയത്ത് സർക്കാർ ആശുപത്രികളിലുള്ള പരിശോധന, ആരോഗ്യ പ്രവർത്തകരുടെ ഗൃഹസന്ദർശനം,  അങ്കണവാടികളിലും സ്‌കൂളുകളിലുമുള്ള ആർബിഎസ്‌കെ സ്‌ക്രീനിങ്‌ എന്നിവ വഴിയാണ്  ഹൃദ്രോഗം കണ്ടെത്തുന്നത്.  സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളേയും പൾസ് ഓക്‌സിമെട്രി സ്‌ക്രീനിങ്ങിന് വിധേയരാക്കും.  ശസ്‌ത്രക്രിയ സൗജന്യം ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങൾ  http://hridyam.kerala.gov.inൽ രജിസ്റ്റർ ചെയ്യണം. വ്യക്തികൾക്ക് സ്വന്തമായി രജിസ്‌ട്രേഷൻ നടത്താം. മാങ്ങാട്ടുപറമ്പ്‌ ഇ കെ നായനാർ സ്‌മാരക അമ്മയും കുഞ്ഞും ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഡിസ്‌ട്രിക്ട്‌ ഏർളി ഇന്റർവെൻഷൻ സെന്ററിലും രജിസ്‌ട്രേഷൻ  നടത്താം.  ഇവിടെ വിദഗ്‌ധപരിശോധനയിൽ  കുട്ടിയുടെ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്താം. ഗർഭസ്ഥ ശിശുവിനെ പരിശോധിച്ച് പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ഫീറ്റൽ രജിസ്‌ട്രേഷൻ. സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും  സേവനം ലഭിക്കും.  സർക്കാർ എം പാനൽ ചെയ്‌ത ആശുപത്രികളിലായിരിക്കും ശസ്‌ത്രക്രിയ. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ) നഴ്‌സുമാർ വഴിയാണ്‌ കുട്ടികളുടെ  തുടർപരിശോധന. വിവരങ്ങൾക്ക്‌ ഫോൺ: 04972782550. Read on deshabhimani.com

Related News