മുണ്ടേരിയുടെ മികവിനൊപ്പമിരുന്ന്‌ സബ്‌ കലക്ടർ



കണ്ണൂർ രാവിലത്തെ ഇടവേള കഴിഞ്ഞ്‌  പത്ത്‌ ഡി ക്ലാസിലേക്ക്‌ കയറിയ  കൂട്ടുകാർ ഒന്നമ്പരന്നു. ഒന്നാമത്തെ ബെഞ്ചിൽ യൂണിഫോമിട്ട ഒരു വലിയ കുട്ടിയിരിക്കുന്നു. സൂക്ഷിച്ച്‌ നോക്കിയപ്പോൾ മറ്റാരുമല്ല. ‘തലശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി...!’. ഒരുകുട്ടിയുടെ അച്ചടക്കത്തോടെ ഇംഗ്ലീഷ്‌ അധ്യാപിക സോണിയ സെബാസ്‌റ്റ്യന്റെ ക്ലാസുമുഴുവൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത്‌ ജില്ലയ്‌ക്ക്‌ അഭിമായ മുണ്ടേരി ഗവ. ഹയർസെക്കൻഡറി  സ്‌കൂളിന്റെ മികവുകൾ നേരിട്ട്‌ കണ്ടറിയാനായിരുന്നു സബ്‌ കലക്ടറുടെ സന്ദർശനം.  പ്രധാനാധ്യാപകൻ കെ വേണു സ്കൂളിലെ മുഴുവൻ ക്ലാസ്‌ മുറികളിലുമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വിശദീകരിച്ചു നൽകി. 2021 ഐഎഎസ്  ബാച്ച്‌ ടോപ്പറായ കാർത്തിക് പാണിഗ്രാഹി  ഒഡിഷയിലെ സോനാപൂരിലെ  വിദ്യാഭ്യാസ കാലഘട്ടം വിദ്യാർഥികളോട്‌ പങ്കുവച്ചു. ലൈബ്രറി, ലാബ്, ഓഡിറ്റോറിയം, മ്യൂസിയം എന്നിവയുടെ നിർമാണ പുരോഗതിയും വിലയിരുത്തി. മുൻ എംപി കെ കെ രാഗേഷ് ചെയർമാനായ മുദ്രാ വിദ്യാഭ്യാസ സമിതി സ്കൂളിലും അനുബന്ധ ക്ലസ്റ്റർ വിദ്യാലയങ്ങളിലും ഒരുക്കിയ സൗകര്യങ്ങളുടെ മികവും വിലയിരുത്തി.   പഞ്ചായത്ത് പ്രസിഡന്റ്‌ എ അനിഷ, വൈസ് പ്രസിഡന്റ്‌ എ പങ്കജാക്ഷൻ, പ്രിൻസിപ്പൽ കെ മനോജ് കുമാർ, മുദ്രാ വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി പി ബാബു, നിർമിതി പ്രൊജക്ട് എൻജിനിയർ സജിത്‌ കെ നമ്പ്യാർ, പി വി ജയേഷ്, മുൻ പ്രധാനാധ്യാപകൻ കെ പി ചന്ദ്രൻ, അധ്യാപകരായ രംഗീ രമേഷ്, കെ ശ്രീനിവാസൻ, പിടിഎ പ്രസിഡന്റ്‌ പി സി ആസിഫ് തുടങ്ങിയവർ  ഒപ്പമുണ്ടായി. Read on deshabhimani.com

Related News