സ്വപ്‌നങ്ങളിൽ മാത്രം!
കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കാൻ കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിന് സമീപം നിർമിച്ച മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രം നോക്കുകുത്തിയാകുന്നു. അതിഥിത്തൊഴിലാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായിരിക്കുകയാണിവിടം. ട്രയൽ റൺ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം തുറക്കാൻ കോർപറേഷൻ തയ്യാറായിട്ടില്ല. അനധികൃത പാർക്കിങ്ങിനാൽ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോഴും കോടികൾ ചെലവഴിച്ച് നിർമിച്ച പാർക്കിങ് കേന്ദ്രം നോക്കുകുത്തിയാകുകയാണ്. നിലവിൽ അതിഥിത്തൊഴിലാളികളുടെ വിശ്രമ കേന്ദ്രമാണിവിടം. കേന്ദ്രത്തിന്റെ പലഭാഗങ്ങളും തുരുമ്പെടുത്ത് തുടങ്ങിട്ടുണ്ട്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിവിടം. ലഹരിമാഫിയ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ പ്രദേശത്ത് ടൗൺ പൊലീസ് രാത്രി പരിശോധന വർധിപ്പിച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽ 11 കോടിരൂപ ചെലവിലാണ് സ്റ്റേഡിയത്തിന് സമീപത്തും ഫോർട്ട് റോഡിലും കാർ പാർക്കിങ് കേന്ദ്രം നിർമിച്ചത്. ഇരുകേന്ദ്രങ്ങളും ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ മേയറെ സമീപിച്ചെങ്കിലും അനാസ്ഥ തുടരുകയാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ കോർപ്പറേഷൻ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഇത് ഉപയോഗിക്കുന്നില്ല. മൂന്നുവർഷങ്ങൾക്കുമുമ്പ് നിർമാണം ആരംഭിച്ച പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം തന്നെ ഇഴഞ്ഞ് നീങ്ങിയിരുന്നു. Read on deshabhimani.com