പയ്യന്നൂർ, പായം തിയറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ പ്രവർത്തനസജ്ജമാകും
കണ്ണൂർ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പ്രഖ്യാപിച്ച പയ്യന്നൂരിലെയും പായത്തെയും തിയറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാപ്രദർശനത്തിന് സജ്ജമാകും. രണ്ട് സ്‌ക്രീനുകളാണുണ്ടാകുക. ആന്തൂർ ധർമശാലയിലെയും പാലയാട് ചിറക്കുനിയിലെയും കോംപ്ലക്‌സുകൾക്കുള്ള ഭൂമിയേറ്റെടുക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ധർമശാലയിൽ ചിത്രാഞ്ജലി റെക്കോഡിങ് ആൻഡ് എഡിറ്റിങ് സ്‌റ്റുഡിയോയുമൊരുക്കും. രണ്ടിടത്തും സ്ഥലം ഉടൻ ഏറ്റെടുത്ത് ഡിസൈൻ പ്രവൃത്തികൾ നടത്തി ടെൻഡർ നടപടിയിലേക്ക് കടക്കാൻ നിർദേശിച്ചതായി സ്ഥലങ്ങൾ സന്ദർശിച്ച കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. മലബാർ മേഖലയിൽ ആദ്യമായാണ് ചിത്രാഞ്ജലി സ്‌റ്റുഡിയോ വരുന്നത്. ഇതോടെ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ ചുരുങ്ങിയ ചെലവിൽചെയ്യാനാകും. ധർമശാല നിഫ്‌റ്റ് ക്യാമ്പസിനോടുചേർന്നുള്ള റവന്യൂ വകുപ്പിന്റെ 1.4 ഏക്കർ സ്ഥലത്താണ് തിയറ്റർ കോംപ്ലക്‌സും സ്‌റ്റുഡിയോയും നിർമിക്കുക. വാണിജ്യാവശ്യങ്ങൾക്കും സ്ഥലംകണ്ടെത്തും. നിർദിഷ്ടഭൂമി രണ്ട് മാസത്തിനുള്ളിൽ കോർപറേഷന് ലീസിന് കൈമാറുന്നതിന് നടപടിയാരംഭിച്ചു. പ്രവർത്തനം വേഗത്തിലാക്കാൻ ഇടപെടണമെന്ന് എം വി ഗോവിന്ദൻ എംഎൽഎ അധികൃതരോട് നിർദേശിച്ചു. തലശേരി –- വളവുപാറ അന്തർസംസ്ഥാന പാതയിലെ കല്ലുമുട്ടിയിലെ ഷോപ്പിങ് മാളിന്റെ മൂന്നാം നിലയിലാണ് പായം പഞ്ചായത്തിന്റെ തിയറ്ററുള്ളത്. ഇതിന്റെ ഇന്റീരിയർ പ്രവൃത്തികൾക്ക് 7.22 കോടി രൂപ കിഫ്ബിയിൽ അനുവദിച്ചിരുന്നു. പാലയാട്ടെ കോംപ്ലക്‌സിൽ രണ്ട് തിയറ്ററുകൾക്കൊപ്പം ഫുഡ്‌കോർട്ടുമുണ്ടാകും. സന്ദർശകസംഘത്തിൽ കോർപറേഷൻ അംഗം ഷെറി ഗോവിന്ദ്, കമ്പനി സെക്രട്ടറി ജി വിദ്യ, പ്രോജക്ട് മാനേജർ എം ആർ രതീഷ്, അസി. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി പ്രശാന്ത്, ചീഫ് എൻജിനിയർ ബാലകൃഷ്‌ണൻ എന്നിവരും ധർമശാലയിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, കൗൺസിലർ ടി കെ വി നാരായണൻ എന്നിവരുമുണ്ടായി. Read on deshabhimani.com