ജോസ്‌ ഉറപ്പിച്ചുപറയും; 
കൈവിടില്ല കറുത്തപൊന്ന്‌

ജോസ് കുരുമുളകുതോട്ടത്തിൽ


  ആലക്കോട് ‘‘മറ്റ് നാണ്യവിളകളെ പോലെ ഇത് കെട്ടിവച്ചാൽ പൂത്തുപോകുകയോ നശിക്കുകയോ ചെയ്യില്ല. അഞ്ചോ പത്തോ വർഷം സൂക്ഷിച്ച് വില കൂടുമ്പോൾ കർഷകന് വിൽക്കാം’’.  പുലിക്കുരുമ്പ വേങ്കുന്നിലെ മങ്കന്താനത്ത് ജോസിന്റെ വിജയരഹസ്യവും ഇതുതന്നെ. 22 വർഷമായി കുരുമുളക് കൃഷിയിൽ നേട്ടം കൊയ്യുകയാണ്‌ അറുപതുകാരനായ ജോസ്‌.  ‘‘തേങ്ങക്കിപ്പോൾ വിലയുണ്ട്. അതുകൊണ്ട് കർഷകനെന്ത് കാര്യം. ആറുമാസത്തിൽ കൂടുതൽ സൂക്ഷിച്ച് വിലയുള്ളപ്പോൾ വിൽക്കാനാകുമോ. ഇത് തന്നെയല്ലേ റബറിന്റെ  കാര്യവും. എന്നാൽ കുരുമുളകിന് ഇത് ബാധകമല്ല. എത്ര വർഷവും സൂക്ഷിക്കാം. വിലയുള്ളപ്പോൾ വിൽക്കാം’’.   കുടിയേറ്റ കർഷകനായ ജോസ് കുഞ്ഞിലെതന്നെ കൃഷിയിൽ സജീവമായിരുന്നു. എട്ട് ഏക്കറോളം സ്ഥലത്ത് റബർ, തെങ്ങ്, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നു. റബർ, തെങ്ങ് എന്നിവയിൽനിന്ന്‌ വരുമാനം കുറഞ്ഞതോടെയാണ്‌ പൂർണമായും കുരുമുളക് കൃഷിയെന്ന ആശയത്തിലേക്ക് വരുന്നത്. മലയോരത്ത് സുലഭമായ കരിമുണ്ട ഇനമാണ് ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചത്. എന്നാൽ 22 വർഷം മുമ്പ് ദ്രുതവാട്ടം വന്ന് തോട്ടം  നശിച്ചതോടെ  പന്നിയൂർ ഒന്നിലേക്ക് മാറി. ഇപ്പോൾ മൂന്നര ഏക്കർ സ്ഥലത്ത് 1500 കൊടികളുണ്ട്. ബാക്കിയുള്ള സ്ഥലത്തു കൂടി  കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്.   നമ്മുടെ നാടിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ  പ്രതിരോധശേഷിയുള്ള ഇനമാണ് പന്നിയൂർ  ഒന്ന് എന്ന് ജോസ് സാക്ഷ്യപ്പെടുത്തുന്നു.  വിളവെടുക്കലും എളുപ്പമാണ്.  പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം, നടുവിൽ കൃഷിഭവൻ എന്നിവയുടെ സേവനം ലഭിക്കുന്ന ജോസ് പാരമ്പര്യ രീതികളിൽനിന്ന്‌ മാറി  പുതിയ പരീക്ഷണങ്ങളും ആധുനിക സൗകര്യങ്ങളും കൃഷിയിൽ ഉപയോഗിക്കുന്നു.    പിപ്പെർ ലോങും എന്ന ശാത്രനാമത്തിൽ അറിയപ്പെടുന്ന തിപ്പിലിയെന്ന മാതൃസസ്യത്തിൽ പന്നിയൂർ ഒന്ന്‌ ഗ്രാഫ്റ്റ് ചെയ്താണ് ജോസ് തൈകൾ ഉണ്ടാക്കുന്നത്.  ജോസിന്റെ   കൃഷിയെ സമീപ പ്രദേശങ്ങളിലുള്ള  കർഷകർ മാതൃകയാക്കുന്നു. അവർക്കുള്ള തൈകളും സാങ്കേതിക പരിജ്ഞാനവും നൽകുന്നു. ഭാര്യ ലിസിയും മക്കളായ നിവ്യ, നിഖിൽ, നിമ്മ്യ എന്നിവരും  പിന്തുണയുമായി ഒപ്പമുണ്ട്.  Read on deshabhimani.com

Related News