ജില്ലാപഞ്ചായത്ത്‌ യോഗം 
അലങ്കോലമാക്കാൻ യുഡിഎഫ്‌ ശ്രമം



കണ്ണൂർ ജില്ലാപഞ്ചായത്ത്‌  ഭരണസമിതിയോഗം അലങ്കോലമാക്കാൻ യുഡിഎഫ്‌ ശ്രമം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ  മുൻ ജില്ലാപഞ്ചായത്ത്‌  പ്രസിഡന്റ്‌ പി പി ദിവ്യക്കെതിരെ അടിയന്തരപ്രമേയത്തിന്‌ അനുമതി തേടിയാണ്‌ യുഡിഎഫ്‌ അംഗങ്ങൾ  തിങ്കളാഴ്‌ച ചേർന്ന  യോഗത്തിൽ ബഹളംവച്ചത്‌.   എഡിഎമ്മിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ്‌ യോഗം തുടങ്ങിയത്‌. പി പി ദിവ്യയെ അറസ്‌റ്റ്‌ ചെയ്യണമെന്ന അടിന്തരപ്രമേയം അവതരിപ്പിക്കാൻ അനുമതി വേണമെന്ന്‌ യുഡിഎഫ്‌ അംഗം തോമസ്‌ വക്കത്താനം  ആവശ്യപ്പെട്ടു.  ചട്ടപ്രകാരം അടിയന്തിര പ്രമേയാവതരണത്തിനുള്ള അനുമതി ഏഴുദിവസം മുമ്പ്‌ വാങ്ങണമെന്ന്‌ യോഗത്തിൽ അധ്യക്ഷനായ  വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ  വ്യക്തമാക്കി.    എങ്കിലും സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോർട്ട്‌ അവതരണശേഷം സമയം അനുവദിക്കാമെന്ന്‌ അധ്യക്ഷൻ പറഞ്ഞെങ്കിലും  അതംഗീകരിക്കാതെ യുഡിഎഫ്‌ അംഗങ്ങൾ  ബഹളം വച്ചു. സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോർട്ട്‌ അവതരണം നടക്കുന്ന ഡയസിന്റെ സമീപത്തേക്ക്‌ കയറാൻ ശ്രമിച്ചു. ബഹളത്തിനിടയിലും അജൻഡ പ്രകാരമുള്ള മുഴുവൻ റിപ്പോർട്ടുകളും  അവതരിപ്പിച്ച്‌ പാസാക്കിയാണ്‌ യോഗം പിരിഞ്ഞത്‌. Read on deshabhimani.com

Related News