മഴ ഉരുൾപൊട്ടൽ

കേളകം ശാന്തിഗിരി ഉൾവനത്തിൽ ഉരുൾപൊട്ടിയതോടെ ഒഴുകിയെത്തിയ മലവെള്ളം വാളുമുക്ക് ഭാഗത്തെ ആനമതിൽ തകർത്ത് ചീങ്കണ്ണിപ്പുഴയിലേക്ക് പ്രവേശിക്കുന്നു


5 കുടുംബങ്ങളെ 
മാറ്റിപ്പാർപ്പിച്ചു കേളകം  ഉരുൾപൊട്ടലിലും കൈലാസംപടിയിൽ ഭൂമി വിണ്ടുകീറിയുണ്ടായ ഭീഷണിയിലും അഞ്ചുകുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്തമഴ തുടർന്നതോടെ പഞ്ചായത്ത്, -വില്ലേജ് അധികൃതരെത്തി അഞ്ചുകുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി.  ചാക്കോ മംഗലത്തിൽ, ഏലിക്കുട്ടി മണവാളത്ത്, അമ്മിണി പാപ്പനാൽ, പൊന്നമ്മ തടത്തേൽ, ഷാജി മരോട്ടിത്തടത്തേൽ എന്നിവരുടെ കൂടുംബങ്ങളെയാണ്‌ മാറ്റി താമസിപ്പിച്ചത്.   അന്തർസംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ; 
ഗതാഗതം തിരിച്ചുവിട്ടു ഇരിട്ടി കനത്തമഴയും കാറ്റും മലയോരമേഖലയിൽ പരക്കെ നാശം വിതച്ചു. ചുഴലിക്ക്‌ പിന്നാലെ തിങ്കളാഴ്ച മഴ അതിരൂക്ഷമായി. കൂട്ടുപുഴ വളവുപാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മണ്ണിടിച്ചിലിൽ വള്ളിത്തോട്‌–- കൂട്ടുപുഴ റോഡ്‌ ഭാഗം അപകടത്തിലായതോടെ ഇതുവഴിയുള്ള ഗതാഗതം വളളിത്തോട്,- ആനപ്പന്തികവല, ചരൾ, കച്ചേരിക്കടവ് പാലം വഴി തിരിച്ചുവിട്ടു. പാലത്തുംകടവിൽ റീ ബിൽഡ് കേരള റോഡ്‌ പാർശ്വഭിത്തി ഇടിഞ്ഞ് റോഡും വീടും അപകടത്തിലായി.  തിങ്കൾ പകൽ പതിനൊന്നോടെയാണ്‌ വളവുപാറയിൽ മണ്ണിടിഞ്ഞത്‌. റോഡ്‌ നിരപ്പിൽനിന്ന്‌ 15 മീറ്റർ ഉയരത്തിലുള്ള കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞ് റോഡിലേക്ക് വീണു. റോഡിലൂടെ വാഹനം പോകാഞ്ഞതിനാൽ അപകടമുണ്ടായില്ല. വിജനമേഖലയാണിത്‌. മണ്ണിടിച്ചിൽ ആദ്യം ശ്രദ്ധയിൽപ്പെട്ടില്ല. ഹൈവേ പോലീസ്‌ പട്രോളിങ്ങിനിടെ മണ്ണിടിച്ചിൽ കണ്ടെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അഗ്നിരക്ഷാസേനയെത്തി ഗതാഗതം റോഡിന്റെ ഒരു വശത്തേക്ക്‌ ഒതുക്കി. വീണ്ടും മണ്ണിടിച്ചിലുണ്ടായി. തുടർന്ന്‌ കലക്ടറുടെ നിർദേശത്തിൽ ഗതാഗതം നിരോധിച്ചു. പാലത്തിൻകടവ് പള്ളിക്കടുത്ത റീ ബിൽഡ് കേരള റോഡിന്റെ സുരക്ഷാ ഭിത്തി ഇടിഞ്ഞ്‌ ചേന്നപ്പള്ളി തങ്കച്ചന്റെ വീട്‌ അപകടത്തിലായി. മുറ്റം പൂർണമായും ഇടിഞ്ഞു താഴ്ന്നു. വള്ളിത്തോട് പെട്രോൾ പമ്പിന് പുറകുവശത്തെ കുന്ന് ഇടിഞ്ഞതിനാൽ പെട്രോൾ പമ്പ്‌ പ്രവർത്തനം നിർത്തിവച്ചു.    ചീങ്കണ്ണിപ്പുഴ കരകവിഞ്ഞു; 
ആനമതിൽ തകർന്നു കേളകം  തിങ്കളാഴ്ച ഉച്ചയോടെപെയ്ത കനത്തമഴയിൽ ആറളംവനത്തിൽ ശാന്തിഗിരി മേഖലയിൽ ഉരുൾപൊട്ടി. ചീങ്കണ്ണിപ്പുഴയിലൂടെ മലവെള്ളം ഒഴുകിയെത്തി ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്ന്‌ വാളുമുക്കിൽ ആനമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു. കൃഷിയിടങ്ങളിലും വെള്ളംകയറി.         രണ്ടുമണിക്കൂർ നേരം തുടർച്ചയായി മലവെള്ളം ഒഴുകിയെത്തിയതോടെ ജനങ്ങൾ ഭീതിയിലായി. അടക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന തോടുകളിൽ ചെളിയും കല്ലും നിറഞ്ഞ മലവെള്ളം ഒഴുകിയെത്തി. അടക്കാത്തോട്, ശാന്തിഗിരി പ്രദേശത്തെ റോഡുകളിൽ വെള്ളംകയറി.    Read on deshabhimani.com

Related News