തീരാക്കുരുക്ക്

പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിലുണ്ടായ
 അപകടത്തിൽ തകർന്ന ലോറി


മേൽപ്പാലത്തിൽ ടാങ്കറിടിച്ച്‌ ലോറി ഡ്രൈവർക്ക്‌ പരിക്ക്‌ പാപ്പിനിശേരി  റെയിൽവേ മേൽപ്പാലത്തിൽ ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ടാങ്കർ ഡ്രൈവർക്ക് പരിക്ക്. ഞായർ  രാവിലെ ആറിനാണ് അപകടം.  ഇടിയേറ്റ് ലോറിയുടെ ക്യാബിന്റെ  അകത്ത് കുടുങ്ങിയ  ഡ്രൈവർ ചെന്നെ സ്വദേശി ബാലകൃഷ്‌ണനെ  വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് പാപ്പിനിശേരി–- - പഴയങ്ങാടി കെഎസ്ടിപി റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. വാഹനങ്ങൾ ഇരിണാവ് റോഡ് ഗേറ്റ് - കോലത്തുവയൽ വഴിയിലൂടെയാണ് തിരിച്ചുവിട്ടത്. മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വീണതിനെതുടർന്ന് നിയന്ത്രണംവിട്ടാണ് ലോറി അപകടത്തിൽപ്പെട്ടത്‌. കാലിന് പരിക്കേറ്റ ഡ്രൈവർ പാപ്പിനിശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മലപ്പുറത്ത് പാചകവാതകം എത്തിച്ച് മംഗളൂരുവിലേക്ക് മടങ്ങിയ  ടാങ്കറും  കാസർകോട് നിന്നും കണ്ണൂരിലേക്ക്  പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.  ഇരുവാഹനങ്ങളുടെയും യന്ത്രങ്ങൾക്ക് കേടുപാട് പറ്റിയതിനാൽ വാഹനങ്ങൾ മേൽപ്പാലത്തിൽ കുടുങ്ങിയതാണ് കുരുക്കിനിടയാക്കിയത്. വളപട്ടണം ഖലാസികളും വളപട്ടണം പൊലീസും നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് വാഹനങ്ങൾ പാലത്തിൽനിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.  കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികർക്ക്‌ മേൽപ്പാലത്തിലെ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. കുരുങ്ങി കുടുങ്ങി 
താഴെചൊവ്വ താഴെചൊവ്വ  യാത്രക്കാരെ വലച്ച്‌ ദേശീയപാതയിൽ താഴെചൊവ്വയിൽ ഗതാഗതക്കുരുക്ക്‌. ഞായറാഴ്‌ച രാവിലെ അനുഭവപ്പെട്ട കുരുക്കിൽ  വാഹനങ്ങളുടെ നിര മേലെചൊവ്വവരെയും മുഴപ്പിലങ്ങാട്‌ കുളംബസാർവരെയും നീണ്ടു. രാവിലെ റെയിൽവേ ഗേറ്റ്‌ അടച്ചശേഷം മൂന്ന്‌  ട്രെയിനുകൾ കടന്നുപോയശേഷമാണ്‌  തുറന്നത്‌. തിരുവനന്തപുരം എക്സ്പ്രസ്,  ഗരീബ് രഥ്, മംഗളൂരു ചെന്നൈ എക്സ്‌പ്രസ്‌ എന്നീ ട്രെയിനുകൾ കടന്നുപോകാനാണ്‌   ഗേറ്റ് അടച്ചിട്ടത്. പൊതുവിൽ  നല്ല തിരക്കുള്ള ഇവിടെ ഇതോടെ ഗതാഗതം സ്‌തംഭിച്ച നിലയിലായി. താഴെചൊവ്വ ടൗണിൽ  കുരുക്ക്‌ രൂപപ്പെട്ടതോടെ ചാല ബൈപ്പാസിലും ഗതാഗതം സ്‌തംഭിച്ചു. ഇവിടെ മേൽപ്പാലം നിർമിച്ചാൽ മാത്രമേ ഈ കുരുക്കഴിക്കാനാകൂവെന്ന്‌  നാട്ടുകാർ പറയുന്നു. Read on deshabhimani.com

Related News