ഹൃദയത്തിലെ കനൽ
ചൊക്ലി മേനപ്രത്തെ വീടും ചിതയൊരുക്കിയ ഇടവുമെല്ലാം മണിക്കൂറുകൾക്കു മുമ്പുതന്നെ ജനസഞ്ചയം. തലശേരിയിലും കൂത്തുപറമ്പിലും വിലാപയാത്ര കടന്നുപോയ വഴികളിലും ഒഴുകിയെത്തിയ പ്രിയ സഖാക്കൾ. പുഷ്പനെ അവസാനമായി കാണാനെത്തിയ പതിനായിരങ്ങൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. 30 വർഷം നീണ്ട സഹനത്തിനപ്പുറം ജീവിതം പോരാട്ടമാക്കിയ പുഷ്പൻ ഇനി ജനങ്ങളുടെ ഹൃദയത്തിൽ തുടിക്കും. സംസ്കരിക്കാനുള്ള വഴിയിലേക്ക് ഒഴുകിയെത്തിയ ജനം കാരണം ആംബുലൻസിന് കടന്നുപോകാൻ പോലും നന്നേ പ്രയാസപ്പെട്ടു. പുഷ്പന്റെ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ പുഷ്പന്റെ പോരാട്ടം ഞങ്ങളിലൂടെ തുടരുമെന്ന കരുത്തുറ്റ ഉറപ്പുമായി മുദ്രാവാക്യം മുഴങ്ങി. ഞായർ രാവിലെ കോഴിക്കോട് യൂത്ത് സെന്ററിലെ പൊതുദർശനത്തിനുശേഷമാണ് പുഷ്പന്റെ മൃതശരീരവുമായി വിലാപയാത്ര ആരംഭിച്ചത്. റോഡിന്റെ ഇരുഭാഗങ്ങളിലുള്ളവർക്കും കാണുന്ന തരത്തിലുള്ള വാഹനത്തിലാണ് മൃതദേഹം വിലാപയാത്രയായി കൊണ്ടുവന്നത്. എലത്തൂര്, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ് എന്നിവിടങ്ങളിലും നൂറുകണക്കിനാളുകൾ വഴിയരികിൽ പുഷ്പന് യാത്രാമൊഴി നൽകാനെത്തി. മാഹി പൂഴിത്തലയിൽ പുഷ്പങ്ങൾ അർപ്പിച്ച് കണ്ണൂരിലേക്ക് ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, സ്പീക്കർ എ എൻ ഷംസീർ, പി ജയരാജൻ, ടി വി രാജേഷ്, എൻ ചന്ദ്രൻ, കാരായി രാജൻ, സി കെ രമേശൻ എന്നിവർ ചേർന്നാണ് പൂഴിത്തലയിൽ ഏറ്റുവാങ്ങിയത്. മാഹി പാലം, പുന്നോൽ എന്നിവിടങ്ങൾക്ക് ശേഷം തലശേരി ടൗൺ ഹാളിൽ പതിനായിരങ്ങൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം പരിസരം മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജനനിബിഡമായി. കൂത്തുപറമ്പ് വെടിവയ്പിൽ പിടഞ്ഞുവീണ അഞ്ച് രക്തസാക്ഷികൾക്കൊപ്പം 30 വർഷത്തിനു ശേഷം പുഷ്പന്റെ അന്ത്യയാത്രയെത്തുമ്പോൾ അത്യന്തം വികാരഭരിതമായിരുന്നു പ്രവർത്തകർ. പാനൂർ, പൂക്കോം, രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലൂടെ ജന്മനാട്ടിലേക്ക്. ചൊക്ലി രാമവിലാസം സ്കൂളിലെ പൊതുദർശനത്തിൽ നാനാതുറയിലുള്ളവർ ഒഴുകിയെത്തി. ചൊക്ലി മേനപ്രത്തെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരും വിങ്ങിപ്പൊട്ടി. മേനപ്രം വായനശാലക്ക് സമീപത്ത് പ്രത്യേകമായുള്ള സ്ഥലത്ത് പുഷ്പന്റെ ചിതയ്ക്ക് സഹോദരങ്ങളുടെ മക്കൾ തീ കൊളുത്തി. കത്തിയമർന്ന ചിതയ്ക്കൊപ്പം പകർന്ന പുഷ്പന്റെ പോരാട്ട വീര്യവുമായി അന്ത്യാഞ്ജലി അർപ്പിച്ചവർ മടങ്ങി. Read on deshabhimani.com