വായുവിലും മണ്ണിലും ജലത്തിലും മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വര്‍ധിക്കുന്നതായി പഠനം
കണ്ണൂർ ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വായുവിലും മണ്ണിലും ജലത്തിലും വർധിക്കുന്നതായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠനറിപ്പാേർട്ടിൽ കണ്ടെത്തൽ. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം കെ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനായി പഠനം നടത്തിയത്. അഴീക്കോട് ചാൽ ബീച്ച്മുതൽ അഴീക്കൽവരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടൽവെള്ളവുമാണ് പ്രധാനമായും പഠനവിധേയമാക്കിയത്. ഒരു ലിറ്റർ കടൽവെള്ളത്തിൽ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങൾവരെ കണ്ടെത്തി. ഇത് ശരാശരി ഇതരപ്രദേശങ്ങളേക്കാൾ കൂടുതലാണ്. നൈലോൺ പോളിസ്റ്റൈറിങ് എന്നിവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയത്. കൂടാതെ ജലത്തിൽ പ്ലാസ്റ്റിക് പെയിന്റുകളുടെ അംശം കൂടുതലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാൽ ശ്വാസകോശങ്ങളുടെ വായുഅറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ എൻസൈമുകളുടെ ഉൽപാദന പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഭ്രൂണവളർച്ചയിലെ വ്യത്യാസം, ഗർഭാശയം, ഉദരസംബന്ധം, ശ്വാസകോശ അസുഖങ്ങൾ, അർബുദം എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിന് നിരവധി കാരണങ്ങൾ പുതിയ ജീവിതക്രമത്തിലുണ്ടെന്നും പറയുന്നു. കിണറ്റിന്റെ കപ്പിയിൽ ഉപയോഗിക്കുന്ന നൈലോൺ കയറുകൾ, കിണറ്റിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകൾ, പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ, സ്ത്രീകൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക് തുടങ്ങിയവയിലൂടെ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ ആദ്യമായാണ് മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് ഇത്തരമൊരുപഠനം നടത്താൻ തദ്ദേശസ്ഥാപനം മുൻകൈയെടുത്തത്. പഠനറിപ്പോർട്ടിലെ കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ പദ്ധതികൾ അനിവാര്യമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ പറഞ്ഞു. Read on deshabhimani.com