ഭീഷണിയായി തെരുവുനായകൾ
കൊളച്ചേരിയിൽ 25 കോഴികളെ കൊന്നു കൊളച്ചേരി കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. ആളുകളെ ആക്രമിക്കുന്നതിനു പുറമെ വീട്ടിൽ വളർത്തിയ 25 കോഴികളെയും കൊന്നുതിന്നു. കൊളച്ചേരി കോടിപ്പോയിൽ മുബാറക് റോഡിലെ പുതിയപുരയിൽ ബാലന്റെ മുട്ടയിടുന്ന 25 കോഴികളെയാണ് കൂട്ടമായെത്തിയ തെരുവുനായകൾ കൊന്നത്. വ്യാഴാഴ്ച പുലർച്ചെ നാലോടെയായായിരുന്നു സംഭവം. കോഴിക്കൂട് പൊളിച്ച് തെരുവുനായകൾ അകത്തു കടക്കുകയായിരുന്നു. പ്രദേശത്തെ സ്‌കൂൾ കുട്ടികൾക്ക് റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം കൊളച്ചേരിയിൽ രണ്ടുപേരെ തെരുവുനായ ആക്രമിച്ചിരുന്നു. വെള്ളാഞ്ചിറയിൽ 4 പേരെ കടിച്ചു ഇരിണാവ് വെള്ളാഞ്ചിറയിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വ്യാപാരി കെ വി ചന്ദ്രൻ (67), വെള്ളാഞ്ചിറയിലെ പി അബൂബക്കർ (61), അഭിവളവിന് സമീപത്തെ പി വി ജാനകി (72) എം രേഷ്മ (41) എന്നിവർക്കാണ് കടിയേറ്റ്. കടയുടെ വരാന്തയിൽ നിൽക്കുന്നതിനിടയിലാണ് ചന്ദ്രനെ നായ കടിച്ചത്. വീട്ടിൽനിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് അബൂബക്കറിന് കടിയേറ്റത്. വീട്ടുമുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന ജാനകിയെയും വീട്ടിനടുത്തുവച്ച് രേഷ്മയെയും നായ കടിച്ചു. എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നായയെ നാട്ടുകാർ തല്ലിക്കൊന്നു. Read on deshabhimani.com