ബസ്‌സ്‌റ്റാൻഡ് ശുചിത്വം ദൂരെയല്ല
കണ്ണൂർ സമ്പൂർണ ശുചിത്വ മാലിന്യസംസ്കരണ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ബസ് സ്റ്റാൻഡുകളുടെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അവസ്ഥാപഠനം ആരംഭിച്ചു. പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥ വിലയിരുത്തിയാണ് പഠനത്തിന് തുടക്കമായത്. സംസ്ഥാനത്ത് ആദ്യമായാണ് ബസ് സ്‌റ്റാൻഡുകളുടെ അവസ്ഥാ പഠനം. മൂന്ന് കെഎസ്‌ആർടിസി ബസ് സ്റ്റേഷനുകളും 33 ബസ് സ്റ്റാൻഡുകളുമാണ് ജില്ലയിലുള്ളത്. തയ്യാറാക്കുന്ന അവസ്ഥാ പഠനറിപ്പോർട്ട് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിനും വകുപ്പുകൾക്കും കൈമാറും. പയ്യന്നൂർ കോളേജ് ഗ്രീൻ ബ്രിഗേഡും നാഷണൽ സർവീസ് സ്കീം അംഗങ്ങളുംചേർന്നാണ് പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പഠനം നടത്തുന്നത്. ബസ് സ്റ്റാൻഡിലെ ശുചിത്വ മാലിന്യസംസ്കരണ സംവിധാനം, പോരായ്മകൾ, തുടങ്ങിയ കാര്യങ്ങളാണ് ചോദ്യവലിയിൽ ഉൾപ്പെടുത്തിയത്. പയ്യന്നൂർ കോളേജ് ഗ്രീൻ ബ്രിഗേഡ് കോ–-ഓഡിനേറ്റർ ഡോ. സുരേഖ, കെ മിസ്നി, ഒ നന്ദന, കെ വി നയന, കാർത്തിക, ഹരി ഗോവിന്ദ് തുടങ്ങിയവരാണ് പഠനം നടത്തിയത്. കെഎസ്ആർടിസി ഡിപ്പോ അസി. എൻജിനിയർ എ സന്തോഷ്, ജനറൽ കൺട്രോളിങ് എൻജിനിയർ പി ബിജുമോൻ, ഹരിത കേരളം മിഷൻ ആർപിപി അരുൾ എന്നിവർ നേതൃത്വം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ അവസ്ഥാ പഠനറിപ്പോർട്ട് ഹരിതകേരള മിഷന് കൈമാറുമെന്ന് ഡോ. സുരേഖ പറഞ്ഞു. Read on deshabhimani.com