കാർട്ടൂണിസ്റ്റ് കെ എ ഗഫൂറിന് വിശിഷ്ടാംഗത്വം ഇന്ന് സമ്മാനിക്കും
കാസർകോട് കാർട്ടൂണിസ്റ്റും ചിത്രകാരനുമായ കെ എ ഗഫൂറിനെ കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കും. കാർട്ടൂൺ, ചിത്രകലാ രംഗത്ത് നൽകിയ വിലപ്പെട്ട സംഭാവന കണക്കിലെടുത്താണ് ആദരം. വെള്ളിയാഴ്‌ച രാവിലെ 9 ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ വിശിഷ്ടാംഗത്വം സമ്മാനിക്കും. മണ്ണുണ്ണി, മാന്ത്രികക്കട്ടിൽ, പറക്കും തൂവാല, ഹറാം മൂസ തുടങ്ങിയ ചിത്രകഥാപരമ്പരകളിലൂടെ ആനുകാലികങ്ങളിൽ ശ്രദ്ധേനായിരുന്നു ഗഫൂർ. കഥകൾ എഴുതിയാണ് തുടക്കം. 1964-ൽ എഴുതിയ അയിശു കുഞ്ഞിമ എന്ന കഥ കണ്ണൂർ സർവകലാശാലയിൽ ബിഎ മലയാളത്തിൽ പാഠഭാഗമാണ്. 20-ഓളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേങ്ങര ഗവ. ഹൈസ്കൂളിലും ബേപ്പൂർ ഹൈസ്കൂളിലും ചിത്രകലാ അധ്യാപകനായിരുന്നു. കോഴിക്കോട്ടെ ജീവിത കാലത്താണ് കാർട്ടൂൺ രംഗത്ത് സജീവമായത്. 1995-ൽ ഉദുമ ഗവ. ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. ഉദുമ നാലാംവാതിലിൽ സ്വദേശിയാണ്. മൈമൂനാണ് ഭാര്യ. മക്കൾ: അയ്ഷത്ത് ശാലിന, പരേതനായ ഗമാൽ റിയാസ്. Read on deshabhimani.com