പുതിയ കരുത്തുമായി ഏരിയാസമ്മേളനത്തിലേക്ക്‌



കാസർകോട്‌ കഴിഞ്ഞ മൂന്നുവർഷം ജില്ലയിൽ സിപിഐ എം, അടിത്തട്ടുമുതൽ ജനങ്ങൾക്കായി ഇടപെട്ടതിന്റെ കാര്യങ്ങളും കാരണങ്ങളും ചർച്ച ചെയ്‌ത സമ്മേളനം അടുത്ത ഘട്ടത്തിലേക്ക്‌. ഞായറും തിങ്കളും പുല്ലൂരിൽ നടക്കുന്ന കാഞ്ഞങ്ങാട്‌ സമ്മേളനത്തോടെ, ജില്ലയിലെ ഏരിയാസമ്മേളനങ്ങൾക്ക്‌ തുടക്കമാകും. മറ്റേതൊരു രാഷ്‌ട്രീയ പാർടിക്കും സ്വപ്‌നം കാണാൻ പോലും പറ്റാത്ത തരത്തിലുള്ള ഉൾപാർടി ചർച്ചയും വിമർശനവും സ്വയം വിമർശനവുമായാണ്‌ ബ്രാഞ്ച്‌, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായത്‌.  1967 ബ്രാഞ്ച്‌ സമ്മേളനവും 139 ലോക്കൽ സമ്മേളനങ്ങളാണ്‌ ജില്ലയിൽ പൂർത്തിയായത്‌. ഡിസംബർ ആദ്യവാരത്തോടെ 12 ഏരിയാ സമ്മേളനങ്ങളും കഴിഞ്ഞ്‌ ജില്ലാസമ്മേളനത്തിലേക്ക്‌ കടക്കും. ഇത്ര വിപുലവും ജനാധിപത്യപരവുമായി നടന്ന സമ്മേളനത്തിൽ എവിടെയെങ്കിലും ചെറിയ കല്ലുകടി പോലും കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. ഇടതുവിരുദ്ധ മാധ്യമങ്ങൾ കണ്ണിലൊണ്ണയൊഴിച്ച്‌ കാത്തിരുന്നിട്ടും ഒരു ‘സ്‌തോഭജനകമായ’ വാർത്തപോലും കിട്ടിയില്ല. സമ്മേളനങ്ങളിൽ സ്വാഭാവികമായി ഉയർന്നുവരുന്ന ചർച്ചകൾ പൊലിപ്പിക്കാൻ ചിലർ ശ്രമിച്ചെങ്കിലും അതെല്ലാം ദയനീയമായി കൂപ്പുകുത്തി.  സമ്മേളന അനുബന്ധ പരിപാടികളിൽ ബ്രാഞ്ചുമുതൽ ആയിരക്കണക്കിന്‌ പ്രവർത്തകരും അനുഭാവികളും പങ്കുചേർന്നു. ലോക്കൽ സമ്മേളനം മുതൽ പൊതുസമ്മേളനത്തിന്‌ ചിട്ടയായ ചുവപ്പുവളണ്ടിയർ മാർച്ചടക്കമുള്ള പരിപാടികളും മിക്കയിടത്തും സംഘടിപ്പിച്ചു.  തിരുത്തും പരിഹാരവും നിർദ്ദേശിച്ച പിരിഞ്ഞ സമ്മേളനങ്ങൾ, പുതിയ നേതൃത്വത്തിന്‌ കീഴിൽ കൂടുതൽ ജനകീയമായ ഇടപെടലിന് ആഹ്വാനം ചെയ്‌തു. പ്രാദേശിക വികസനത്തിനും ക്ഷേമ പരിപാടികൾക്കും കൂടുതൽ ഫലപ്രദമായ ഇടപെടലും സമ്മേളനങ്ങൾ പ്രഖ്യാപിച്ചു.  ഇവിടെ പാസാക്കുന്ന പ്രമേയങ്ങൾ നാട്ടുകൾ ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. ഇനി വരാനുള്ള ഏരിയാ, ജില്ലാസമ്മേളനങ്ങളിൽ പുതിയ കുതിപ്പിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തും. ഏരിയ, തീയതി, സ്ഥലം: കാഞ്ഞങ്ങാട്‌ – 3, 4 – പുല്ലൂർ. പനത്തടി – 9, 10 – പാണത്തൂർ. കുമ്പള – 10, 11 – കുമ്പള. ഉദുമ – 13, 14 – ഉദുമ. എളേരി – 13, 14 – പ്ലാച്ചിക്കര. കാസർകോട്‌ – 19, 20 – അണങ്കൂർ. ചെറുവത്തൂർ– 20, 21 – ചെറുവത്തൂർ. കാറഡുക്ക – 21, 22 –അഡൂർ. തൃക്കരിപ്പൂർ – 24, 25 – മാണിയാട്ട്‌. നീലേശ്വരം – 26, 27 –  കോട്ടപ്പുറം. ബേഡകം – 29, 30 – മുന്നാട്‌. മഞ്ചേശ്വരം –  ഡിസം.1, 2 – ബേക്കൂർ.   Read on deshabhimani.com

Related News