കപ്പത്തോട്ടം തകർത്ത് കാട്ടുപന്നികൾ
വെള്ളരിക്കുണ്ട് വിളവെടുക്കാറായ ആയിരം ചുവട് കപ്പ ഒറ്റ രാത്രിയിൽ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വെസ്റ്റ് എളേരി കുന്നുംകൈയിലെ അഞ്ചനാനിക്കൽ ജോഷി ബളാൽ ടൗണിനടുത്ത് നടത്തിയ കപ്പകൃഷിയാണ് നശിപ്പിച്ചത്. ഏഴ് വർഷമായി ജോഷി സ്ഥലം പാട്ടത്തിനെടുത്ത് വാഴ, ചേന, ചേമ്പ്, കപ്പ കൃഷി ചെയ്യുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകൻ നാല് ഏക്കർ സ്ഥലത്ത് 5000 ചുവട് കപ്പയാണ് കൃഷി ചെയ്തത്. ഡിസംബറിൽ വിളവെടുക്കേണ്ടതാണ്. പന്നിയെ അകറ്റാൻ കമ്പിവേലിയും ഗ്രീൻ നെറ്റും സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രി എല്ലാം തകർത്താണ് പന്നിക്കൂട്ടം നാശം വിതച്ചത്. കഴിഞ്ഞ വർഷം വാഴ കൃഷി ചെയ്തപ്പോൾ 800 വാഴകളാണ് കാറ്റെടുത്തത്. ഇൻഷ്വർ ചെയ്ത വാഴയായിട്ടും ഇതുവരെ ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ജോഷി പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. Read on deshabhimani.com