ബേവൂരിയിൽ നാടകോത്സവം നാളെമുതൽ
ഉദുമ ബേവൂരി സൗഹൃദ വായനശാലയുടെ അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് നാലിന് ടി കെ അഹമ്മദ് ഷാഫി നഗറിൽനിന്നും ജ്യോതിപ്രയാണം ആരംഭിക്കും. വൈകിട്ട് 6.30ന് ബേവൂരി ഓപ്പൺ ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനംചെയ്യും. 7.30ന് തിരുവനന്തപുരം നവോദയയുടെ 'കലുങ്ക്' നാടകം അരങ്ങേറും. ബുധൻ വൈകിട്ട് പി ഭാസ്കരൻ ജന്മശദാബ്ദി ആഘോഷം ‘മഞ്ഞണിപ്പൂനിലാവ്' വത്സൻ പിലിക്കോട് ഉദ്ഘാടനംചെയ്യും. വൈകിട്ട് ഏഴിന് തിരുവനന്തപുരം ശ്രീനന്ദനയുടെ 'യാനം' നാടകം. അഞ്ചിന് വൈകിട്ട് അഞ്ചിന് മാധ്യമങ്ങളുടെ രാഷ്ട്രീയം സെമിനാർ മാധ്യമ പ്രവർത്തകൻ പി വി കുട്ടൻ ഉദ്ഘാടനംചെയ്യും. രാത്രി ആലപ്പുഴ സൂര്യകാന്തിയുടെ 'കല്ല്യാണം' നാടകം. ആറിന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനംചെയ്യും. ഡോ. സന്തോഷ് പനയാൽ പ്രഭാഷണം നടത്തും. അനുമോദന സദസിൽ ഡിഡിഇ ടി വി മധുസൂദനൻ ഉപഹാരം നൽകും. 7.30ന് കോഴിക്കോട് രംഗമിത്രയുടെ 'മഴവില്ല്' നാടകം. ഏഴിന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്യും. എഴുത്തുകാരൻ പി വി ഷാജികുമാർ മുഖ്യപ്രഭാഷണം നടത്തും. 7.30ന് അമച്വർ നാടക പ്രദർശനം. ചന്ദ്രഗിരി കലാസമിതിയുടെ 'ബസുമതി'യും 8.30ന് സൗഹൃദ വായനശാലയുടെ 'മൂരികൾ ചുരമാന്തുമ്പോൾ' നാടകവും അരങ്ങേറും. Read on deshabhimani.com